ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാതൃകയാക്കി കേന്ദ്ര ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഗുജറാത്തില്‍ മുഖ്യമന്ത്രിയായി തിളങ്ങിയാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. ഈ മാതൃക സ്വീകരിച്ച് യുപിയില്‍ ചുവടുറപ്പിക്കാനാണ് പ്രിയങ്കയുടെ നീക്കം. ഇതിനായി തലസ്ഥാനമായ ലക്നൗവിലേക്ക് താമസം മാറും. ദല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയാന്‍ കേന്ദ്രം പ്രിയങ്കക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ ലക്നൗവിലേക്ക് താമസം മാറാനാണ് നീക്കം. 2022 മാര്‍ച്ചില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. പ്രിയങ്കക്കായി നേതാക്കള്‍ മുറവിളി ആരംഭിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യുപിയില്‍ ശക്തരാണ് ബിജെപി. ക്രമസമാധാനം ഉടച്ചുവാര്‍ത്തതും വികസന പദ്ധതികളും യോഗിക്ക് വലിയ ഇമേജ് നേടിക്കൊടുത്തു. യോഗിയുടെ നേതൃത്വത്തില്‍ തന്നെയാകും ബിജെപിയും തെരഞ്ഞെടുപ്പിനെ നേരിടുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മുന്നിട്ടിറങ്ങിയിരുന്നെങ്കിലും ഫലം ചെയ്തില്ല. അവര്‍ക്ക് ചുമതലയുണ്ടായിരുന്ന യുപിയില്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്. നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലം, രാഹുല്‍ പ്രതിനിധീകരിച്ചിരുന്ന അമേത്തി ഉള്‍പ്പെടെ കൈവിട്ടു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ദയനീയമായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രകടനം. 403ല്‍ വെറും ഏഴ് സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്.
സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലാത്തത് പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തു. ജനകീയ നേതാക്കളെല്ലാം മറ്റ് പാര്‍ട്ടികളില്‍ ചേക്കേറി. സംഘടനാ ദൗര്‍ബല്യവും വര്‍ദ്ധിച്ചു. ഇതിനെയെല്ലാം മറികടക്കാനുള്ള നേതൃപാടവം പ്രിയങ്കക്കില്ലെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ട്. മുത്തശ്ശി ഇന്ദിരയുടെ പാരമ്പര്യം അവകാശപ്പെടുന്നതല്ലാതെ ശക്തമായ പ്രതിപക്ഷ സാനിധ്യമാകാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. യുപി ജയിച്ചാല്‍ ഇന്ത്യ ജയിച്ചു എന്നതാണ് ദേശീയരാഷ്ട്രീയത്തിലെ മുദ്രാവാക്യം. എണ്‍പത് ലോക്സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ പ്രിയങ്കക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജയിക്കാനാകുമെന്ന് കോണ്‍ഗ്രസ് പോലും കരുതുന്നില്ല.
Discussion about this post