ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ചത് സംബന്ധിച്ച വ്യാജ പ്രചാരണത്തിനെതിരെ സൈന്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച ലേയിലെ ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ച് ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നത് അപകീര്‍ത്തികരവും തെളിവില്ലാത്തതുമായ ആരോപണങ്ങള്‍ ആണെന്ന് ഇന്ത്യന്‍ കരസേന വ്യക്തമാക്കി. നമ്മുടെ ധീരരായ സായുധ സേനയ്ക്കു ലഭിക്കുന്ന ചികിത്സയെ സംബന്ധിച്ച് ഊഹങ്ങള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. സായുധ സേന അവരുടെ ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും മികച്ച ചികിത്സയാണ് നല്‍കുന്നത്. 100 കിടക്കകള്‍ കൂടി ചേര്‍ത്ത് അടിയന്തര സാഹചര്യത്തില്‍ വിപുലീകരിച്ച ആ വാര്‍ഡ് ജനറല്‍ ആശുപത്രി സമുച്ചയത്തിന്റെ ഭാഗം ആണെന്ന് സേന വിശദീകരിക്കുന്നു. കോവിഡ് -19 പ്രോട്ടോക്കോള്‍ പ്രകാരം ജനറല്‍ ആശുപത്രിയുടെ ചില വാര്‍ഡുകള്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളായി മാറ്റേണ്ടതായി വന്നു. അതിനാല്‍, ആശുപത്രിയെ കോവിഡ് ചികിത്സാ ആശുപത്രിയായി നാമകരണം ചെയ്തതപ്പോള്‍ തന്നെ, പരിശീലന ഓഡിയോ വീഡിയോ ഹാളായി ഉപയോഗിച്ചുവന്ന ഈ ഹാള്‍ വാര്‍ഡാക്കി മാറ്റുകയാണു ചെയ്തത്. ഗാല്‍വാനില്‍ നിന്ന് ക്വാന്റയിനില് കഴിയുന്നതിന് എത്തിയ പരിക്കേറ്റ സൈനികരെ അവിടെയാണ് താമസിപ്പിച്ചിരിക്കുന്നത്. ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവനെയും ആര്‍മി കമാന്‍ഡറും പരിക്കേറ്റ സൈനികരെ അതേ സ്ഥലത്ത് സന്ദര്‍ശിച്ചിട്ടുണ്ട് എന്നും സേന വ്യക്തമാക്കുന്നു.
അപ്രതീക്ഷിതമായി ഇന്നലെ പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിച്ചത് സൈന്യത്തിന് ആവേശവും ആത്മവിശ്വാസവും പകര്‍ന്നിരുന്നു. മോദിയുടെ നീക്കം പ്രതിരോധ വിദഗ്ധരുള്‍പ്പെടെ പ്രശംസിച്ചു. ഇതോടെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാജപ്രചാരണവുമായി രംഗത്തെത്തിയത്. യഥാര്‍ത്ഥ ആശുപത്രിയല്ലെന്നും ഫോട്ടോ ഷൂട്ട് നാടകമാണെന്നും ഇവര്‍ വിമര്‍ശിച്ചു. വിവാദങ്ങള്‍ക്ക് വിരാമമിട്ടാണ് സൈന്യം പ്രസ്താവനയിറക്കിയത്.
Discussion about this post