ന്യൂദല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര പാഴ്സലില്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് വിടുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് ലക്ഷ്യം രണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനുള്‍പ്പെടെ ബന്ധമുണ്ടെന്ന് വ്യക്തമായ കേസില്‍ സിപിഎമ്മിന് പുറമെ മുസ്ലിം തീവ്രവാദവും കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുക്കുന്നു. തീവ്രവാദ കേസുകള്‍ അന്വേഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍ഐഎ രൂപീകരിക്കപ്പെട്ടത്. ഇതുവരെയുള്ള കേസുകളില്‍ പ്രശംസനീയമായ തരത്തില്‍ കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാനും ശിക്ഷ ഉറപ്പാക്കാനും എന്‍ഐഎക്ക് സാധിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ മറികടന്നാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ നീക്കം. സിബിഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചിരുന്നു. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചെങ്കിലും സിബിഐയെക്കുറിച്ച് പരാമര്‍ശിച്ചില്ല. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇല്ലെങ്കില്‍ കോടതി ഉത്തരവിടണം. എന്‍ഐഎ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാത്രം തീരുമാനിച്ചാല്‍ മതി. ചുരുക്കത്തില്‍ പിണറായി വിജയനെയും സിപിഎമ്മിനെയും നിരായുധരാക്കുന്ന നീക്കമാണ് അമിത് ഷാ നടത്തിയത്.
രാജ്യത്ത് പ്രതിവര്‍ഷം 200 ടണ്ണിലേറെ സ്വര്‍ണമാണ് പ്രതിവര്‍ഷം രാജ്യത്ത് അനധികൃതമായി വന്നെത്തുന്നത്. തീവ്രവാദ പ്രവര്‍ത്തനത്തിനാണ് ഇതിന്റെ ഭൂരിഭാഗം പണവും ചെലവഴിക്കപ്പെടുന്നത്. യുഎഇ കേന്ദ്രീകരിച്ച് അടുത്തിടെയുണ്ടായ ഇന്ത്യാ വിരുദ്ധ പ്രചാരണവും കേന്ദ്രം മുഖവിലക്കെടുത്തിട്ടുണ്ട്. രാജ്യസുരക്ഷക്ക് ഭീഷണിയാണ് സ്വര്‍ണ്ണക്കടത്തെന്നാണ് എന്‍ഐഎക്ക് വിട്ടുള്ള പ്രഖ്യാപനത്തില്‍ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. യുഎഇ എംബസ്സിയെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചത് വലിയ ഗൗരവത്തിലാണ് സര്‍ക്കാര്‍ കാണുന്നതും.
കേരളത്തില്‍ ശക്തിപ്പെട്ട മുസ്ലിം തീവ്രവാദവും പ്രധാനമാണ്. ഇസ്ലാമിസ്റ്റുകള്‍ക്ക് കീഴിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് കള്ളപ്പണമാണെന്നതും വസ്തുതയാണ്. സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മുസ്ലിം തീവ്രവാദ സംഘടനകളുമായി രഹസ്യമായും പരസ്യമായും സഹകരിക്കുന്നുണ്ട്. ഇടത് ലേബലിലുള്ള ബുദ്ധിജീവികള്‍ ഇസ്ലാമിസ്റ്റ് സംഘടനകളുടെ വേദി പങ്കിടുന്നതും അവരുടെ ആശയപ്രചാരണം ഏറ്റെടുക്കുന്നതും പതിവ് കാഴ്ചയാണ്. ഇവര്‍ക്ക് വിദേശയാത്രകളും അവാര്‍ഡുകളും പണവും നല്‍കിയാണ് വിലക്കെടുക്കുന്നത്. ഹിന്ദു വിരുദ്ധ സിനിമകളും ഇപ്പോള്‍ വ്യാപകമായി പുറത്തിറങ്ങുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് കള്ളപ്പണമുപയോഗിച്ച കേസില്‍ തീവ്രവാദ സംഘടനയുടെ കേരളത്തിലെ നേതാവും പ്രതിയാണ്.
പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങി കേന്ദ്ര സര്‍ക്കാരിലെ ഏറ്റവും പ്രമുഖര്‍ തന്നെ കേസില്‍ നേരിട്ട് ഇടപെട്ടു. യുഎഇയുമായുള്ള ബന്ധം പോലും വഷളാക്കുന്ന വിഷയമായി മാറേണ്ട സംഭവത്തെ കരുതലോടെയാണ് കേന്ദ്രം സമീപിച്ചത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ എന്‍ഐഎ അന്വേഷണമെന്നതും ശ്രദ്ധേയം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും കേസ് തലവേദയാകുമെന്ന് ഉറപ്പാണ്. ബിജെപി ദേശീയ നേതൃത്വമുള്‍പ്പെടെ സജീവമായതോടെ പ്രത്യേകിച്ചും.
Discussion about this post