തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ ആരോപണമുയര്‍ന്ന സ്വര്‍ണ്ണക്കടത്ത് കേസ് വിടാതെ പിന്തുടര്ന്ന് കേന്ദ്ര സര്‍ക്കാര്‍. എന്‍ഐഎ, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസിന്റെ പുരോഗതി ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നേരിട്ട് നിരീക്ഷിക്കുകയാണ്. സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ രാജ്യാന്തര തീവ്രവാദ സംഘടനകളും വമ്പന്‍ സ്രാവുകളും ഉണ്ടെന്ന പ്രാഥമിക വിലയിരുത്തലാണ് കേന്ദ്രത്തിനുള്ളത്. കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനവും കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്. കേസ് എത്രത്തോളം ഗൗരവമായി കേന്ദ്രം എടുക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇതെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.
മെല്ലെപ്പോക്ക് വേണ്ടെന്നും ത്വരിതഗതിയില്‍ അന്വേഷണം നടക്കണമെന്നും അമിത് ഷാ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ സ്വപ്നയെയും സന്ദീപിനെയും അറസ്റ്റ് ചെയ്ത് നിര്‍ദ്ദേശം എന്‍ഐഎ ശിരസാ വഹിച്ചു. സ്വര്‍ണക്കടത്തു മാത്രമല്ല, വര്‍ഷങ്ങളായി രാജ്യരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ ശൃംഖലയുടെ ഭാഗമാണിതെന്നാണു നിരീക്ഷണം. അതിനു വ്യക്തത വരുത്തുന്ന രീതിയില്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണ് എന്‍ഐഎ അന്വേഷണം. കടത്ത് പിടികൂടിയതിന്റെ രണ്ടാമത്തെ ദിവസം ഡോവലിന്റെ ഇടപെടലോടെയാണു അന്വേഷണ ചിത്രം മാറിയത്.
തുടര്‍ന്ന് കേരളവുമായി ബന്ധപ്പെട്ട പ്രധാന സ്വര്‍ണകടത്തു കേസുകളുടെ ഫയല്‍ വിളിപ്പിച്ച ആഭ്യന്തര മന്ത്രാലയം അതിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ സംബന്ധിച്ചു ഉയര്‍ന്ന ആരോപണങ്ങളും പരിശോധിച്ചു. സംഘടിത സ്വര്‍ണക്കടത്ത് ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ്, ആദായനികുതി വകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ വിശദീകരിച്ചു. ധന, വിദേശകാര്യ മന്ത്രിമാരും ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത, ആറിന് വൈകിട്ടു നടന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ 7ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒാഫിസുമായി വിഷയം ചര്‍ച്ചചെയ്തു.
പ്രധാനമായും കേരളത്തിലെ 3 വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടു 10 വര്‍ഷത്തിനിടെയുണ്ടായ സ്വര്‍ണക്കടത്തു കേസുകളുടെ വിവരം കസ്റ്റംസ്, ഡിആര്‍ഐ ഏജന്‍സികള്‍ മന്ത്രാലയത്തിനു കൈമാറി. അതിന്റെ വേരുകളും ഇപ്പോഴത്തെ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പരിശോധിക്കുമെന്നാണു സൂചനകള്‍. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ച തീവ്രവാദ കേസുകളുടെ ഫയലുകളും വിളിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര ഇന്റലിജന്‍സ്, റോ എന്നീ ഏജന്‍സികള്‍ നല്കിയ റിപ്പോര്‍ട്ടിലെ വ്യക്തമായ സൂചനകള്‍ കൂടി കണക്കിലെടുത്താണ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറിയത്. ഭീകരപ്രവര്‍ത്തനത്തിന് സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചപണം ഉപയോഗിച്ചുവെന്നാണു നിഗമനം. ദിവസവും എന്‍ഐഎ മേധാവി മുഖേനയാണു മന്ത്രാലയത്തിന്റെ അന്വേഷണത്തിന്റെ വിലയിരുത്തല്‍.
Discussion about this post