തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണക്കടത്തു കേസിലെ ഭീകരവാദബന്ധം അന്വേഷിക്കണമെന്ന് പോലീസ്. എന്‍ഐഎയ്ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ നല്കിയ റിപ്പോര്‍ട്ടിലാണ് ആവശ്യം. ചില പ്രധാന സ്വര്‍ണക്കടത്ത് കേസുകള്‍ ചൂണ്ടിക്കാണിച്ചാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന കോടികളുടെ ഹവാല ഇടപാടുകള്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ഐഎ ആരംഭിച്ചതിനു പിന്നാലെ ഇവിടെ നടന്ന സ്വര്‍ണക്കടത്തു കേസുകളുടെ കേരള പോലീസ് ശേഖരിച്ച വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് ഒപ്പമാണ് കേരള പോലീസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ ചില സുപ്രധാന സ്വര്‍ണക്കടത്തു കേസുകളുമായി ബന്ധപ്പെട്ടാണ് പോലീസ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ ഭീകരവാദബന്ധം സംശയിക്കുന്നുണ്ടെന്നും അതിനാല്‍ ഇവ അന്വേഷിക്കണമെന്നും എന്‍ഐഎയോട് പോലീസ് ആവശ്യപ്പെടുന്നു. നിലവില്‍ സംസ്ഥാന പോലീസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ആയിരം കോടിയിലധികം രൂപയുടെ ഇടപാടുകള്‍ സ്വര്‍ണക്കടത്തിനു പിന്നില്‍ നടക്കുന്നുണ്ടെന്നും നൂറോളം പേരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. കോഴിക്കോട് കൊടുവള്ളി കേന്ദ്രമായാണ് നിലവില്‍ ഹവാല ഇടപാടുകള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഡി.ജി.പി. റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.
എന്‍ഐഎ അന്വേഷണം മുറുകിയതോടെയാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ നേരത്തെ പോലീസ് അന്വേഷിച്ചിരുന്നുവെങ്കിലും ഇതിലെ തീവ്രവാദ ബന്ധം കണ്ടെത്തിയിരുന്നില്ല. തീവ്രവാദികളിലേക്കെത്താതെ അന്വേഷണം പോലീസ് അട്ടിമറിക്കുകയായിരുന്നു. ചില കേസുകള്‍ക്ക് ഭീകരവാദ ബന്ധമുള്ളതായി സംശയമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്ന പോലീസ് എന്തുകൊണ്ടാണ് ഇതില്‍ നടപടിയെടുക്കാതിരുന്നതെന്ന ചോദ്യവും ഉയരുന്നു. ഇതുവരെ ഈ കേസുകള്‍ കേന്ദ്ര ഏജന്‍സിക്ക് റിപ്പോര്‍ട്ട് ചെയ്തതുമില്ല. എന്‍ഐഎ അന്വേഷണത്തില്‍ ഭീകരരെ പിടികൂടുമെന്ന് വ്യക്തമായതോടെയാണ് വീഴ്ച മറച്ചുവെക്കാനും മുഖംരക്ഷിക്കാനും പോലീസ് ശ്രമിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുള്ളതായും വാര്‍ത്തകളുണ്ട്.
Discussion about this post