തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപിനും രക്ഷപ്പെടാന്‍ വഴിയൊരുക്കിയ ആലപ്പുഴയിലെ വ്യവസായി കിരണ്‍ മാര്‍ഷല്‍ മുഖ്യമന്ത്രി പിണറായി വിജയന് മകനെപ്പോലെ. മുഖ്യമന്ത്രിയുടെ കുടുംബത്തിനും കിരണുമായി അടുത്ത ബന്ധമാണുള്ളത്. പിണറായി സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോള്‍ ഉപയോഗിച്ച കാറാണ് കിരണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് സമയത്ത് അരൂരില്‍ മുഖ്യമന്ത്രി വിശ്രമിച്ചതും കിരണിന്റെ വീട്ടിലാണ്. ഇയാളുടെ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത് പിണറായിയുടെ ഭാര്യ കമലയാണെന്ന വിവരവും പുറത്തുവന്നു. കിരണിന്റെ വീട്ടില്‍ നിന്നാണ് സ്വപ്ന ബാംഗ്ലൂരിലേക്ക് പോയത്.
മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും കിരണ്‍ മാര്‍ഷലും ഈയിടെ ഫോണില്‍ പല തവണ സംസാരിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ല റൈഫിള്‍ അസോസിയേഷന് സെക്രട്ടറി കൂടിയാണ് കിരണ്‍. മന്ത്രിമാരും സിനിമതാരങ്ങളും റൈഫിള്‍ അസോസിയേഷനില്‍ നിത്യസന്ദര്‍ശകരാണ്. നടന് മമ്മൂട്ടി അടുത്തിടെയാണ് ഈ അസോസിയേഷനില്‍ അംഗത്വം എടുത്തത്. സ്വപ്ന തുറവൂരിലെ കിരണിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഇവിടേക്ക് വന്നിരുന്നു. ഇവിടെ വച്ചാണ് ചാനലിനു നല്കാന് ശബ്ദരേഖ സ്വപ്ന റെക്കോര്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ബംഗലുരുവിലേക്ക് കടന്നു.
ഇതിനിടെ, മുഖ്യമന്ത്രിയെ പിന്തുണച്ച് കിരണ്‍ രംഗത്തുവന്നു. പിണറായി വിജയനുമായുള്ളത് ശ്രേഷ്ഠമായ ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കു വിഷമമുണ്ടാകുന്നതു കണ്ടിട്ടു തനിക്കു ബുദ്ധിമുട്ടുണ്ട്. അരൂര്‍ ഉപതിരഞ്ഞെടുപ്പു സമയത്തു മുഖ്യമന്ത്രി എന്റെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ചതു സ്വാഭാവികമാണ്. എന്റേത് ഒരു ഇടതുപക്ഷ കുടുംബമാണ്. എല്ലാവരുമായും ബന്ധമുണ്ട്. എന്റെ റസ്റ്ററന്റ് ഉദ്ഘാടനത്തിനു മന്ത്രിമാര്‍ വന്നതും അങ്ങനെയാണ്. മുഖ്യമന്ത്രിയുമായി 18 വര്‍ഷമായെങ്കിലും ബന്ധമുണ്ട്. അദ്ദേഹത്തോട് എനിക്കൊരു അഭിനിവേശമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന കാര്‍ പിന്നീടു ഞാന്‍ വാങ്ങിയത്. കാര്‍ ഇപ്പോള്‍ എന്റെ പക്കലില്ല. പുതിയതു വാങ്ങിയപ്പോള്‍ എക്സ്ചേഞ്ച് ഓഫറില്‍ കൊടുത്തു.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കാതിരുന്നത് എന്റെ പേരു പറയാത്തതിനാലാണ്. ഇപ്പോള്‍ പേരെടുത്തു പറഞ്ഞതിനാല്‍ പ്രതികരിക്കുന്നു. പേരു പറഞ്ഞ് ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ആലോചിച്ചു നിയമ നടപടിയെടുക്കും. എനിക്ക് ഒരു പരിചയവുമില്ലാത്തവരുമായി ബന്ധപ്പെടുത്തിയാണ് ഓരോന്നു പറയുന്നത്. ഒളിവില്‍ പോയ സ്വപ്ന കൊച്ചിയിലേക്കുള്ള യാത്രയില്‍ എന്റെ വീട്ടില്‍ കയറിയെന്നും ആ സമയത്ത് ആലപ്പുഴയിലെ ഒരു പൊലീസ് ഓഫിസറുടെ വാഹനം ഇവിടെയെത്തിയെന്നുമുള്ള ആരോപണം കള്ളമാണ്.
ഒളിവിലിരുന്നു സ്വപ്ന പുറത്തുവിട്ട ശബ്ദരേഖ ഇവിടെയാണു റെക്കോര്‍ഡ് ചെയ്തതെന്ന ആരോപണവും അസംബന്ധമാണ്. അവരുമായി ഒരു പരിചയവുമില്ല. കേസിന്റെ പേരില്‍ ഭരണ, രാഷ്ട്രീയ നേതൃത്വത്തിലുള്ള ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. അതിന്റെ ആവശ്യമില്ല. കിരണ്‍ ആരാണെന്ന് അവര്‍ക്കെല്ലാം വ്യക്തമായി അറിയാം. കേസില്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുത്താന്‍ കണ്ണിയായി എന്നെ ഉപയോഗിക്കുന്നതാവാം. അല്ലെങ്കില്‍ പ്രതികളുമായി ഒരു പരിചയവുമില്ലാത്ത എന്റെ നേരെ വരുന്നത് എന്തിനാണ്? എന്റെ രാഷ്ട്രീയ ബന്ധം സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നതുമാവാം – കിരണ്‍ പറഞ്ഞു.
Discussion about this post