തിരുവനന്തപുരം: സിപിഎമ്മിനും പിണറായി സര്‍ക്കാരിനും വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്ന കെ.ആര്. മീരക്ക് പാരിതോഷികം നല്കി മന്ത്രി കെ.ടി.ജലീല്‍. എംജി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ കെ.ആര്.മീരയെ അംഗമാക്കിയത് വിവാദമാകുന്നു. എംജി യൂണിവേഴ്സിറ്റിയോ സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ തലപ്പത്തുള്ളവരോ അറിയാതെയാണ് നിയമനം നടന്നതെന്നാണ് ആക്ഷേപം. പുറത്ത് നിന്നുള്ള വിദഗ്ധ എന്ന നിലയിലാണ് മീരയെ നിയോഗിച്ചിരിക്കുന്നത്. മീരയുടെ പേര് ആരും ശുപാര്‍ശ ചെയ്തിരുന്നില്ല. മറ്റൊരാളുടെ പേരാണ് മീരയ്ക്ക് പകരം ഉണ്ടായിരുന്നത്. ഈ പേര് വെട്ടി പകരം മീരയുടെ പേര് എഴുതി ചേര്‍ക്കുകയായിരുന്നു. അക്കാദമിക വിദഗ്ദ്ധര്‍ മാത്രം നിയമിക്കപ്പെടുന്ന ഒരു പോസ്റ്റിലേക്കാണ് എഴുത്തുകാരിയെ നിയോഗിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ നേരിട്ടുള്ള ഇടപടലാണ് നിയമനത്തിന്റെ പിന്നില്‍.
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷുമായുള്ള ബന്ധത്തിന്റെ പേരിലും യുഎഇ കോണ്‍സുലേറ്റ് വഴി രഹസ്യമായി പാഴ്സലുകള്‍ സി ആപ്റ്റിലേക്ക് എത്തിച്ച് സര്‍ക്കാര്‍ വാഹനത്തില്‍ മലപ്പുറത്തേക്ക് എത്തിച്ചതിന്റെ പേരിലും പ്രതിക്കൂട്ടിലാണ് ജലീല്‍. ഇതിനടയിലാണ് മീര വിവാദവും വന്നെത്തുന്നത്. എംജി യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് നല്കിയ അംഗങ്ങളുടെ പുതിയ പട്ടികയില്‍ മീരയുടെ പേരുണ്ടായിരുന്നില്ല. പട്ടിക വന്നശേഷം യൂണിവേഴ്സിറ്റിയുടെ തലപ്പത്തുള്ളവര്‍ അറിയാതെയാണ് മീരയുടെ പേര് എഴുതി ചേര്‍ത്തത്. അതുകൊണ്ട് തന്നെ കടുത്ത പ്രതിഷേധം ഈ കാര്യത്തില്‍ എംജി സര്‍വ്വകലാശാലയില്‍ നിന്നും ഉയരുന്നുണ്ട്. നിരവധി അക്കാദമിക വിദഗ്ധരും മുതിര്‍ന്ന എഴുത്തുകാരും നിലനില്‍ക്കെയാണ് മീരയെ ഈ പോസ്റ്റില്‍ നിയോഗിച്ചിരിക്കുന്നത്. നേരത്തെ മലയാളം സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ക്ക് തുല്യമായ പോസ്റ്റില്‍ സാഹിത്യകാരന് രാമനുണ്ണിയെ നിയമിച്ചതും വിവാദമായിരുന്നു. അക്കാദമിക വിദഗ്ദ്ധര്‍ക്ക് നല്‍കേണ്ട പോസ്റ്റ് ആണ് മന്ത്രി നേരിട്ടിടപെട്ട് രാമനുണ്ണിക്ക് നല്‍കിയത് എന്നാണ് ആരോപണം ഉയര്‍ന്നത്. എം.ജി സര്‍വകലാശാലയിലെ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കുദാനം നടത്തിയതിലും മന്ത്രി പ്രതിക്കൂട്ടിലായിരുന്നു. ബി.ടെക് പരീക്ഷയില്‍ മാര്‍ക്കു കൂട്ടിനല്‍കാന്‍ അദാലത്തെടുത്ത തീരുമാനം ചട്ടവിരുദ്ധമായിരുന്നുവെന്ന് സിന്‍ഡിക്കേറ്റടക്കം കണ്ടെത്തിയതോടെ മന്ത്രി പ്രതിരോധത്തിലായി. യുണിവേഴ്സിറ്റി മാര്‍ക്ക് ദാനം റദ്ദാക്കിയതോടെയാണ് ഈ വിവാദത്തില്‍നിന്നും മന്ത്രി തടിയൂരിയത്.
Discussion about this post