ദില്ലി : കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ 5 സ്റ്റാര്‍ സംസ്കാരത്തെ കുറ്റപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ഫൈവ് സ്റ്റാര്‍ സംസ്കാരം ഉപേക്ഷിക്കാതെ കോണ്‍ഗ്രസിന് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നാമെല്ലാവരും ബീഹാറിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിലെയും നഷ്ടങ്ങളെ കുറിച്ച് ആശങ്കാകുലരാണ്, നഷ്ടത്തിന് നേതൃത്വത്തെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. നമ്മുടെ നേതാക്കള്‍ക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇന്നത്തെ നേതാക്കളുടെ പ്രശ്നം അവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് ലഭിക്കുകയാണെങ്കില്‍, അവര്‍ ആദ്യം 5 സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നു. പരുക്കന്‍ റോഡുണ്ടെങ്കില്‍ അവര്‍ പോകില്ല. നേതാക്കള്‍ക്ക് വഴിയിലിറങ്ങി നടക്കാന്‍ പോലും ബുദ്ധിമുട്ടാണ്. 5 സ്റ്റാര്‍ സംസ്കാരം ഉപേക്ഷിക്കാതെ ഒരാള്‍ക്കും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ല, ”കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
കഴിഞ്ഞ 72 വര്‍ഷത്തിനിടയില്‍ പാര്‍ട്ടി ഏറ്റവും താഴ്ന്ന നിലയിലാണെന്നും കഴിഞ്ഞ രണ്ട് കാലയളവില്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും ഇല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ലഡാക്ക് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 9 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്. പാര്‍ട്ടി നേതാക്കള്‍ ഇത്തരമൊരു ഫലം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് ദയനീയ പരാജയമായിരുന്നു ഫലം.
ദേശീയ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ ഉടന്‍ തെരഞ്ഞെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഗുലാം നബി ആസാദിന്റ പ്രതികരണം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചൊവ്വാഴ്ചയാണ് ചേരുക. നേതൃത്വപരമായ മാറ്റം ആവശ്യപ്പെട്ട് ഈ വര്‍ഷം ഓഗസ്റ്റില്‍ ഇടക്കാല പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 പാര്‍ട്ടി അംഗങ്ങളില്‍ ഒരാളാണ് ആസാദ്.
Discussion about this post