കണ്ണൂര്‍: മുഖ്യമന്ത്രിയെ രക്ഷിക്കാനും സര്‍ക്കാരുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്ത് വരാതിരിക്കാനുമാണ് ചിലര്‍ സ്വപ്നയെ സന്ദര്‍ശിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ദേശീയ അന്വേഷണ ഏജന്‍സികള്‍ ജയില്‍ സൂപ്രണ്ടിനെ ചോദ്യം ചെയ്താല്‍ ചിത്രം വ്യക്തമാവും. ജയില്‍ ഡിജിപി ഉത്തരവാദിത്തം പാലിക്കുന്നില്ലെന്നും കണ്ണൂരില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നു. കേരള പൊലീസ് സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത് കേസ് അട്ടിമറിക്കാനാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയില്‍ വിടരുതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോഴെല്ലാം സിഎം രവീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഭയം തേടുകയാണ് എന്നും ആരോഗ്യമന്ത്രിയുടെ ഒത്താശയോടെയാണ് ഈ നാടകം നടക്കുന്നത് എന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ചോദ്യംചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി സ്പീക്കര്‍ ശ്രീരാമ കൃഷ്ണനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നും ഏജന്‍സികള്‍ വിവരം ചോര്‍ത്തി തരുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സേനാധിപനില്ലാത്ത സൈന്യത്തെ പോലെയാണ് എല്‍ഡിഎഫ്. നയിക്കാനാളില്ലാത്ത അവസ്ഥയിലാണ് അവര്‍. അതേസമയം മുസ്ലിം വര്‍ഗീയവാദികളുടെ തടവറയിലാണ് യുഡിഎഫ്. ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയ യുഡിഎഫില്‍ മുസ്ലിം ലീഗിന്റെ അപ്രമാദിത്വമാണുള്ളത് എന്നും തിരുവനന്തപുരത്തടക്കം ഒന്നാംഘട്ടം തിരഞ്ഞെടുപ്പ് നടന്ന തെക്കന്‍ മേഖലയില്‍ യുഡിഎഫ് ചിത്രത്തിലേയില്ല എന്നും എല്‍ഡിഎഫിനെ പരാജയപ്പെടുത്തി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ദേശീയ ജനാധിപത്യ സഖ്യം വന്‍ വിജയം നേടുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post