ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ളാദേശിലെത്തി. കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഒരു വിദേശ രാജ്യം സന്ദര്‍ശിക്കുന്നത്. ഇന്ന് രാവിലെ ധാക്ക വിമാനത്താവളത്തിലെത്തിയ മോദിയെ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന നേരിട്ടെത്തി സ്വീകരിച്ചു. ബംഗ്ളാദേശ് സ്വതന്ത്രമായതിന്റെ നൂറാം വാര്‍ഷികത്തിലാണ് മോദി രാജ്യം സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്.
ബംഗ്ളാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണായകമായ നയതന്ത്ര ചര്‍ച്ചകളില്‍ പങ്കെടുക്കും. അതോടൊപ്പം ബംഗ്ളാദേശിലെ പ്രസിദ്ധമായ ജഷോറേശ്വരി, ഓറക്കണ്ടി എന്നീക്ഷേത്രങ്ങളിലും അദ്ദേഹം ദര്‍ശനം നടത്തും.ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് മോദി അയല്‍രാജ്യം സന്ദര്‍ശിക്കുന്നത്. ഇരു രാജ്യവും തമ്മില്‍ വിവിധ കരാറില്‍ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊവിഡിനു ശേഷം ആദ്യ യാത്ര ഇന്ത്യയ്ക്ക് ആഴത്തില്‍ സൗഹൃദമുള്ള അയല്‍രാജ്യത്തേക്ക് ആണെന്നത് സന്തോഷം നല്‍കുന്നതാണെന്ന് മോദി പ്രതികരിച്ചിരുന്നു. ബംഗ്ലാദേശിന്റെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കാനും സന്ദര്‍ശനം ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിലാണ് പറഞ്ഞത്. ബംഗ്ലാദേശിന്റെ വികസനത്തില്‍ ഇന്ത്യയുടെ പിന്തുണ എന്നുമുണ്ടാകുമെന്ന് യാത്രക്ക് മുന്‍പ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
സത്ഖിരയിലെ കാളിക്ഷേത്രവും, ഒരാഖണ്ഡിയിലെ മത് വാ ക്ഷേത്രവും മോദി സന്ദര്‍ശിച്ചേക്കും. മത് വ വിഭാഗത്തിന്റെ ക്ഷേത്രത്തില്‍ മോദി സന്ദര്‍ശനം നടത്തുന്നത് പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. ബംഗ്ലാദേശിന്റെ സ്വാതന്ത്രൃ ദിനത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസകളറിയിച്ചിട്ടുണ്ട്.
Discussion about this post