കോട്ടയം: ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായി ‘ലൗ ജിഹാദ്’ ആരോപണവുമായി കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. ‘ലൗ ജിഹാദ്’ ആരോപണത്തെക്കുറിച്ച് സമൂഹത്തില്‍ ആശങ്കയുണ്ടെന്നും അതെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് ജോസ് കെ മാണി ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടത്.
കേരളത്തില്‍ ‘ലൗ ജിഹാദ്’ ഇല്ലെന്ന് കോടതികളും പോലിസും സര്‍ക്കാരും വ്യക്തമാക്കിയത് ചൂണ്ടിക്കാണിച്ചിട്ടും ജോസ് കെ മാണി ആരോപണത്തില്‍ ഉറച്ചുനിന്നു. സംസ്ഥാനത്ത് ‘ലൗ ജിഹാദ്’ ഇല്ല എന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയ ശേഷവും സംശയം നിലനില്‍ക്കുന്നതിനാല്‍ പരിശോധന വേണമെന്നാണ് ജോസ് കെ മാണി ആവശ്യപ്പെട്ടത്. എല്‍ഡിഎഫില്‍നിന്ന് ഒരു ഘടകകക്ഷി ‘ലൗ ജിഹാദ്’ ആരോപണവുമായി പരസ്യമായി രംഗത്തുവരുന്നത് ഇതാദ്യമാണ്.
അതേസമയം, ഈ തിരഞ്ഞെടുപ്പില്‍ മുസ്ലിം സമുദായത്തെ ഒപ്പംനിര്‍ത്താന്‍ കഠിനപ്രയത്നം നടത്തുന്ന സിപിഎമ്മിനെയും എല്‍ഡിഎഫിനെയും ജോസ് കെ മാണിയുടെ നിലപാട് തിരിച്ചടിയാവും. കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ മാണി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അനുകൂലമാവുമെന്ന് കരുതിയ മുസ്ലിം വോട്ടുകളും മാറിമറിഞ്ഞേക്കും. ജോസ് കെ മാണിയുടെ ആരോപണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമെന്നതിലും തര്‍ക്കമില്ല.
കേരളാ കാത്തലിക് ബിഷപ് കൗണ്‍സില്‍ പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4,500 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലവ് ജിഹാദിന് ഇരയായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഇസ്ലാം ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ ഒരു ഡസനോളം പേര് കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും പോയവരാണെന്നും സീറോ മലബാര്‍ സഭ പറയുന്നു.
ഹിന്ദു ജനജാഗൃതി സമിതി പുറത്ത് വിട്ട കണക്ക് പ്രകാരം ഏകദേശം 30,000 ഹിന്ദു പെണ്‍കുട്ടികള്‍ ലവ് ജിഹാദിന് ഇരകളായിട്ടുണ്ട്. ലവ് ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണെന്ന് സീറോ മലബാര്‍ സഭയും അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post