തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി വിവാദം. പട്ടിണി കിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്നായിരുന്നു കായിക മന്ത്രി വി.അബ്ദുറഹ്മാന്റെ പ്രസ്താവന. കഴിഞ്ഞ തവണ കുറഞ്ഞ നികുതിയായിട്ടും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കാണികൾക്ക് ഗുണം കിട്ടാതെ ബിസിസിഐയും കെസിഎയുമാണ് നേട്ടം കൊയ്തതെന്നും കായിക മന്ത്രി കുറ്റപ്പെടുത്തി.
കാര്യവട്ടത്ത് കളി കാണാൻ ബിസിസിഐ ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപ, ലോവര്‍ ടയറിന് 2000 എന്നിങ്ങനെയാണ്. 18 ശതമാനം ജിഎസ്ടിയും കോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860ഉും ആയി ഉയരും.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 15നാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം നടക്കുന്നത്. പരമ്പരയിലെ മൂന്നാം മത്സരമാണിത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരത്തിൽ അഞ്ച് ശതമാനം ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ 12 ശതമാനമാക്കി വർധിപ്പിച്ചത്.
Discussion about this post