ന്യൂഡൽഹി: പട്രോളിംഗ് പോലുള്ള പരമ്പരാഗത പോലീസ് സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പോലീസ് സേനകളെ കൂടുതൽ കർമോത്സുകരാക്കണമെന്നും വളർന്നു വരുന്ന സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഡിജിപിമാരുടെയും ഐജിമാരുടെയും അഖിലേന്ത്യാ കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പോലീസ് സേനകളും കേന്ദ്ര ഏജൻസികളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും കഴിവുകൾ പ്രയോജനപ്പെടുത്താനും വിവരങ്ങൾ പങ്കുവയ്ക്കാനും അവസരമുണ്ടാകണം. പോലീസ് സേനകൾർ കൂടുതൽ കർമോത്സുകരാക്കാനും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിൽ അവരെ പരിശീലിപ്പിക്കാനും പദ്ധതികൾ ആവിഷ്കരിക്കും. ഉദ്യോഗസ്ഥ സന്ദർശനം സംഘടിപ്പിച്ച് അതിർത്തിയും തീരസുരക്ഷയും ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏജൻസികളിലുടനീളം ഡാറ്റാ കൈമാറ്റം സുഗമമാക്കുന്നതിനുള്ള ദേശീയ ഡാറ്റാ ഗവേണൻസ് ചട്ടക്കൂടിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബയോമെട്രിക്സ് പോലുള്ള സാങ്കേതിക പരിഹാരങ്ങൾ പോലീസ് സേന കൂടുതൽ പ്രയോജനപ്പെടുത്തുമ്പോൾ, കാൽനട പട്രോളിംഗ് പോലുള്ള പരമ്പരാഗത പോലീസിംഗ് സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തീവ്രവാദം, ദേശവിരുദ്ധ കലാപം, സൈബർ സുരക്ഷ എന്നിവയുൾപ്പെടെ പോലീസിന്റെയും ദേശീയ സുരക്ഷയുടെയും വിവിധ വശങ്ങൾ സമ്മേളനം ചർച്ച ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും മൂന്ന് ദിവസത്തെ യോഗത്തിൽ പങ്കെടുത്തു.
Discussion about this post