സൂറത്ത്: വിവാഹത്തിന് നാലു ദിവസം മാത്രം ബാക്കി നിൽക്കെ വിവാഹ മോതിരം വാങ്ങാൻ ഇറങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ ജിതേന്ദ്ര എന്ന 26 കാരനാണ് മരിച്ചത്. സഹോദരനൊപ്പം സൂറത്തിൽ തുണി വ്യാപാരം നടത്തിവരികയായിരുന്നു ജിതേന്ദ്ര.
തന്റെ വിവാഹ ചടങ്ങുകൾക്ക് മോതിരം വാങ്ങനായാണ് സൂറത്തിലെ പർവത് പാട്യ പ്രദേശത്ത് നിന്ന് ജിതേന്ദ്ര ബൈക്കുമായി ഇറങ്ങിയത്. പർവത് പാട്യയിൽ നിന്ന് സർദാർ മാർക്കറ്റിലേക്ക് പോകുന്ന റോഡിൽ വച്ച് ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി 22നായിരുന്നു ജിതേന്ദ്രയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. അപകടവാർത്ത അറിഞ്ഞ് കുഴഞ്ഞ് വീണ പ്രതിശ്രുതവധു രാജസ്ഥാനിലെ ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post