അഹമ്മദാബാദ് : മുൻ ഗുജറാത്ത് ഗവർണറും മുതിർന്ന ബിജെപി നേതാവുമായ ഓംപ്രകാശ് കോഹ്‌ലി അഥവാ ഒപി കോഹ്‌ലി (87) അന്തരിച്ചു. കോഹ്‌ലിയുടെ ചെറുമകൾ കർണ്ണികയാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത് , “എന്റെ മുത്തച്ഛനും ഗുജറാത്ത് മുൻ ഗവർണറുമായ ഓംപ്രകാശ് കോഹ്‌ലി അന്തരിച്ചു. നാളെ രാവിലെ 11.30 ന് ന്യൂഡൽഹിയിലെ നിഗംബോധ് ഘട്ടിൽ അദ്ദേഹത്തിന്റെ സംസ്കാരം നടക്കും’ ഇങ്ങനെയായിരുന്നു കർണ്ണികയുടെ ട്വീറ്റ്.
ഓംപ്രകാശ് കോഹ്‌ലിയുടെ നിര്യാണത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും നിലവിലെ ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വിയും ആദരാഞ്ജലി അർപ്പിച്ചു. ഓം പ്രകാശ് കോഹ്‌ലി 1935 ഓഗസ്റ്റ് 9 നാണ് ജനിച്ചത്. ന്യൂഡൽഹിയിലെ രാംജാസ് സ്കൂളിലും ഖൽസ സ്കൂളിലുമായി പഠനം പൂർത്തിയാക്കിയ ഓം പ്രകാശ് കോഹ്‌ലി ഡൽഹി സർവകലാശാലയിൽ നിന്ന് എം എ പഠിച്ചു.
ഹൻസ്‌രാജ് കോളജിലും ദേശബന്ധു കോളജിലും 37 വർഷം അധ്യാപകനായും പ്രവർത്തിച്ചു.1999 മുതൽ 2000 വരെ ഭാരതീയ ജനതാ പാർട്ടിയുടെ ഡൽഹി ഘടകത്തിന്റെ പ്രസിഡന്റായിരുന്നു ഓംപ്രകാശ് കോഹ്‌ലി, 1994 മുതൽ 2000 വരെ രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post