കൊച്ചി: മലയാള സിനിമയിലെ വനിത പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്’ (ഡബ്ല്യുസിസി) വിട്ടതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സംവിധായിക വിധു വിന്‍സെന്റ്. അപവാദ പ്രചരണങ്ങള്‍ നടത്തിയും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പടച്ചുവിട്ടും വ്യക്തിഹത്യ നടത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് രാജിക്കത്ത് പരസ്യപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിന് അനുകൂല നിലപാട് സ്വീകരിച്ച സംവിധായകന് ബി. ഉണ്ണികൃഷ്ണന് വിധുവിന്റെ രണ്ടാമത്തെ ചിത്രം സ്റ്റാന്‍ഡ് അപ്പ് നിര്‍മിച്ചത് സംഘടനയില്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് വിധുവിന്റെ രാജി.
സിനിമയുടെ നിര്‍മ്മാതാക്കള്‍ പല ഘട്ടത്തില്‍ പിന്മാറിയതും പദ്ധതി അനിശ്ചിതത്വത്തിലായതും രാജിക്കത്തില്‍ വിധു ചൂണ്ടിക്കാട്ടി. പാര്‍വ്വതിയെ നായികയാക്കാമെങ്കില്‍ സിനിമ നിര്‍മ്മിക്കാമെന്ന് ഗള്‍ഫിലുള്ള സുഹൃത്ത് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍വ്വതി മറുപടി പറഞ്ഞില്ല. ഒരു ‘നോ’ പറയാന്‍ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാനെന്ന് മനസിലാക്കിയപ്പോള്‍ അപമാനമാണ് തോന്നിയത്.
ഉണ്ണിക്കൃഷ്ണന് കൊലപാതകിയോ അക്രമിയോ കോടതി കയറിയ ആളോ അല്ല. അദ്ദേഹത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സ്വകാര്യ ജീവിതത്തെ ഇഴ കീറി പരിശോധിച്ചതിന് ശേഷമേ തൊഴില്‍ എടുക്കാന്‍ പാടുള്ളൂവെന്ന് തിട്ടൂരമിറക്കുന്ന അന്തപുരവാസികളോട് സംവാദം സാധ്യമല്ല. ഡബ്ല്യുസിസിയിലെ പലരും ആവശ്യങ്ങള്‍ക്കായി ഉണ്ണികൃഷ്ണനെ സമീപിച്ചിട്ടുണ്ട്. സഹായങ്ങള്‍ രഹസ്യമായി ആവാം, പരസ്യമായി പാടില്ല എന്നാണോ? സിദ്ദിഖ് എന്ന നടന് ജയിലില്‍ പോയി പലതവണ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു എന്നത് ഒരു രഹസ്യമല്ല. മൂന്നോ നാലോ തവണ ഇതു സംബന്ധിച്ച് പരസ്യ പ്രസ്താവനയും നടത്തി. ദിലീപിനൊപ്പം നില്‍ക്കുമെന്നും എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുമെന്നും പ്രഖ്യാപിക്കുക മാത്രമല്ല ഡബ്ലുസിസിയെ പറ്റുന്ന ഇടത്തൊക്കെ താറടിക്കാനും മറക്കാറില്ല സിദ്ദിഖ്. സിദ്ദിഖിനോടൊപ്പം അഭിനയിക്കരുതെന്നോ സിദ്ദിഖിനെ വച്ച് സിനിമ എടുക്കരുതെന്നോ ഡബ്ലുസിസി അതിലെ അംഗങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഉയരെ എന്ന സിനിമയില്‍ പാര്‍വ്വതി സിദ്ദിഖിനൊപ്പം അഭിനയിച്ചതിന്റെ പേരില്‍ ഡബ്ലുസിസി അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായോ? അക്കാര്യത്തില്‍ പാര്‍വ്വതിയോട് ഡബ്ലുസിസി വിശദീകരണം ആവശ്യപ്പെട്ടോ? എന്റെ അറിവില്‍ ഇല്ല.
ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച സംവിധായകനും നടനുമായ രഞ്ജിത് -അദ്ദേഹവും പരസ്യമായി മാധ്യമങ്ങളുടെ മുന്നില്‍ ദിലീപ് ഈ കൃത്യം ചെയ്തതായി താന്‍ വിശ്വസിക്കുന്നില്ലെന്ന് പറയുകയും ദിലീപിന് എല്ലാവിധ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആയതിനാല്‍ ഇനി മേലില്‍ രഞ്ജിത് തൊട്ടുകൂടാത്തവനാണെന്ന് ഡബ്ലുസിസി അംഗങ്ങളോട് പറഞ്ഞിരുന്നോ? ആയതിനാല്‍ ഇനി മേലില്‍ രഞ്ജിത്തിനെ തൊട്ടുകൂടാത്തവനായി പ്രഖ്യാപിക്കുമോ? ഡബ്ലുസിസി അംഗം രമ്യാ നമ്പീശന്റെ സഹോദരന് കൊച്ചിയില്‍ തുടങ്ങിയ സ്റ്റുഡിയോയുടെ ഉദ്ഘാടന ചിത്രം കോടതി സമക്ഷം ബാലന് വക്കീലായിരുന്നു. ഉദ്ഘാടനം ചെയ്തത് ഉണ്ണികൃഷ്ണനാണെന്നാണ് അറിയാന്‍ കഴിഞ്ഞത് .അപ്പോള്‍ തൊട്ടുകൂടായ്മ ഈ സ്റ്റുഡിയോയ്ക്കു ബാധകമാകുമോ? ഡബ്ലുസിസി അംഗങ്ങളോ അവരുടെ ബന്ധുക്കളോ മിത്രങ്ങളോ ഇവരൊക്കെയുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ എത്ര ദിവസം മുമ്പ് ഡബ്ലുസിസിയെ അറിയിക്കണം? അങ്ങനെ എന്തെങ്കിലും വ്യവസ്ഥകളെ കുറിച്ച് നേരത്തേയോ പിന്നീടോ ചര്‍ച്ച ഉണ്ടായിട്ടുണ്ടോ?
ലാല്‍ മീഡിയയിലെ സൗണ്ട് സ്റ്റുഡിയോ ദിലീപിന്റെ കൂടി സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ചതാണ്. അപ്പോ അവിടം തൊട്ടുകൂടാതാവുമോ? അങ്കമാലിയിലെ ദിലീപിന്റെ തീയേറ്ററില്‍ ഡബ്ലുസിസിക്കാരുടെ സിനിമകള്‍ കളിക്കണ്ടാ എന്ന് തീരുമാനിക്കുമോ? ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്കും ഈ തൊട്ടുകൂടായ്മ ബാധകമാണോ? അപ്പോള്‍ എവിടം വരെയാണ് അതിന്റെ പരിധി? അസ്പൃശ്യരുടെ ലിസ്റ്റ് നേരത്തേ പ്രഖ്യാപിക്കണം. അങ്ങനെയെങ്കില്‍ ഇപ്പോ ഉണ്ടായിട്ടുള്ളതു പോലെ ആശങ്കയോ ആശയ കുഴപ്പമോ ഉണ്ടാവില്ല. അല്ലാതെ, ചിലര്‍ക്ക് ആകാം ചിലര്‍ക്ക് പറ്റില്ല എന്നാണ് സംഘടന ഉദ്ദേശിക്കുന്നതെങ്കില്‍ അതും വ്യക്തമാക്കാവുന്നതാണ്. ആ ക്ലാസ്സ് സ്വഭാവം വച്ച് കൊണ്ട് ഇത് സിനിമയിലെ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണെന്ന് ദയവ് ചെയ്ത് പറയരുത്. നേരത്തേ സോഷ്യല്‍ മീഡിയയില്‍ കേട്ട ആക്ഷേപം പോലെ ലേഡീസ് ക്ലബ്ബന്നോ കോര്‍പറേറ്റ് ഫോറം എന്നോ മറ്റോ പറഞ്ഞുകൊള്ളൂ. ജന്റര്‍ രാഷ്ട്രീയം മാത്രം പറഞ്ഞതു കൊണ്ടായില്ല, അതിനുള്ളിലെ വര്‍ഗ്ഗ-ജാതി വ്യത്യാസങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ സ്ത്രീ രാഷ്ട്രീയത്തെ എങ്ങനെയൊക്കെയാണ് അസ്ഥിരപ്പെടുത്തതെന്ന് കുറഞ്ഞ പക്ഷം ആലോചിക്കുക എങ്കിലും ചെയ്യുന്നത് മുന്നോട്ടുള്ള യാത്രയില്‍ നല്ലതായിരിക്കും. ഡബ്ല്യുസിസിയില്‍ വരേണ്യതയുണ്ടെന്നും കത്തില്‍ വിധു ആരോപിച്ചു.
https://www.facebook.com/vinvidhu/posts/2762868680479407
Discussion about this post