കണ്ണൂര്‍: കോണ്‍ഗ്രസ്സില്‍നിന്ന് പുറത്താക്കിയപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഗള്‍ഫില്‍ ജോലിക്കുപോകാന്‍ തീരുമാനിച്ചതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി. ഉടന്‍ പുറത്തിറങ്ങുന്ന ‘ദേശിയ മുസ്ലിം’ എന്ന പുതിയ പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന്രെ പേരിലാണ് പുറത്താക്കിയതെന്നതിനാല് അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചു. നേരത്തെ അനുവാദം വാങ്ങാതെയാണ് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്. മണിക്കൂറുകളോളം കാത്തിരുന്നാണ് കാണാന്‍ സാധിച്ചത്. മറ്റാരുടെയും പിന്തുണ ആ ഘട്ടത്തില്‍ ലഭിച്ചിരുന്നില്ല. കേരളത്തിലെ നേതാക്കളല്ല തന്നെ ബിജെപിയില്‍ എത്തിച്ചത്. പുസ്തകത്തില്‍ പറയുന്നു.
ഭാരതത്തിന്റെ പൈതൃകത്തിനും ദേശീയതക്കുമൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മുസ്ലിമാണ് ദേശീയ മുസ്ലിമെന്ന് അബ്ദുള്ളക്കുട്ടി വിവരിക്കുന്നു. പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനെതിരെ നടത്തിയ പ്രസംഗങ്ങളാണ് തന്റെ ഏറ്റവും വലിയ പൊതുപ്രവര്‍ത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്സിനെതിരായ വെളിപ്പെടുത്തലുകളും പുസ്കത്തിലുണ്ട്. പ്രകാശനം ഈ മാസം 20ന് കോഴിക്കോട്ട് നടക്കും. എഴുത്തുകാരനും മിസോറാം ഗവര്‍ണറുമായ അഡ്വ.പി.എസ്.ശ്രീധരന് പിള്ളയാണ് പ്രകാശനം നിര്‍വഹിക്കുക. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് അധ്യക്ഷത വഹിക്കും. സംവിധായകനും നടനുമായ ജോയ് മാത്യു, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സംവിധായകന് അലി അക്ബര്‍, പ്രൊഫ. സുമതി ഹരികുമാര്‍, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന് എന്നിവര്‍ ആശംസ നേരും. കോഴിക്കോട്ടെ ഇന്ത്യ ബുക്സാണ് പ്രസാധകര്.
എസ്.എഫ്.ഐ യിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ അബ്ദുള്ളക്കുട്ടി ജില്ലാ പഞ്ചായത്ത് അംഗം, എം.പി, എം.എല്‍എ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികസന സങ്കല്‍പ്പങ്ങളെ പരസ്യമായി പ്രകീര്‍ത്തിച്ചതിനാണ് അബ്ദുല്ലക്കുട്ടി സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. പിന്നീട് കോണ്‍ഗ്രസിലെത്തി എം.എല്‍.എയായി ആ പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയതും ഇതേ നിലപാട് ഉയര്‍ത്തിയതിനായിരുന്നു. സി.പി.എം വിട്ട് കോണ്‍ഗ്രസിലെത്തിയപ്പോള്‍ പ്രസിദ്ധീകരിച്ച ‘നിങ്ങളെന്നെ കോണ്ഗ്രസ്സാക്കി’ യാണ് അബ്ദുല്ലക്കുട്ടിയുടെ ആദ്യ രാഷ്ട്രീയ പുസ്തകം. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് കുടുംബസമേതം നടത്തിയ മക്കാവോ യാത്രയെക്കുറിച്ചുള്ള പുസ്തകവും രചിച്ചു.
Discussion about this post