തൃശ്ശൂര്‍: ചിറ്റിലങ്ങാട് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപ് (26) കൊല്ലപ്പെട്ടതില്‍ രാഷ്ട്രീയ ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. ഞായറാഴ്ച രാത്രി 10.30ന് രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് സനൂപിന് കുത്തേറ്റത്. കുന്നംകുളത്തിനടുത്തുള്ള ഇയാലെന്ന സ്ഥലത്തുവെച്ചാണ് സംഘര്‍ഷമുണ്ടായത്. സംഭവസ്ഥലത്തുവെച്ച് തന്നെ സനൂപ് മരിച്ചു. മൂന്നുപേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ജിതിന്, വിബിന്, ഇവരുടെ സുഹൃത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെയും, തൃശ്ശൂരിലെയും സ്വകാര്യ ആശുപത്രികളിലും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എരുമപ്പെട്ടി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം കുന്നംകുളത്തുവെച്ച് കണ്ടെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മേഖലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ബിജെപി ആണെന്ന് ആരോപിച്ച് സിപിഎം രംഗത്തുവന്നു. രാഷ്ട്രീയക്കൊലയെന്ന് മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു. രാഷ്ട്രീയമല്ലാതെ മറ്റു കാരണങ്ങളില്ല. സിപിഎം സ്വാധീനം ഇല്ലാതാക്കാനാണ് അക്രമികളുടെ ശ്രമം. ആര്‍എസ്എസ്, ബജ്റംഗ്ദള്‍ ബന്ധമുള്ളവരാണ് പ്രതികളെന്നും മന്ത്രി ആരോപിച്ചു. എട്ടോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സിപിഎം പറഞ്ഞു. രാഷ്ട്രീയ ബന്ധവുമില്ലാത്ത സംഭവത്തെ രാഷ്ടീയവല്‍ക്കരിച്ച് തനിക്കെതിരെയുള്ള ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മന്ത്രി ഏ.സി മൊയ്തീന് ശ്രമിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെപി.യ്ക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ ഒരു തരത്തിലുള്ള ബന്ധവുമില്ല. ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ പാതിരാത്രി നടന്ന സംഘര്‍ഷമാണ് കൊലപാതകത്തില്‍ എത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും കൊലപാതകവും തുടര്‍ക്കഥയായത് ഈ സര്‍ക്കാരിന്റെ ഭരണപരാജയമാണെന്ന് അംഗീകരിക്കുകയാണ് മൊയ്തീന് ചെയ്യേണ്ടത്. പാതി രാത്രി തന്റെ വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ക്കകലെ വെച്ച് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റ്മുട്ടലില്‍ ബ്രാഞ്ച് സെക്രട്ടറി എങ്ങനെ മരിച്ചു എന്ന് സി.പി.എം വിശദീകരിക്കണം. ഗുണ്ടാ – കഞ്ചാവ് മാഫിയകള്‍ക്ക് എല്ലാ ഒത്താശയും സഹായവും ചെയ്യുന്ന ഏ.സി മൊയ്തീനും സി.പി.എം നേതാക്കളും കേരള സര്‍ക്കാരുമാണ് ഈ കൊലപാതകത്തിന്റെ ഉത്തരവാദികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post