തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതു മുതല്‍ ആകെ പ്രതിരോധത്തിലാണ് സിപിഎം. മുഖ്യമന്ത്രിക്ക് പുറമെ മൂന്ന് മന്ത്രിമാര്‍ക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനും ആരോപണ വിധേയരായി. ഇതില്‍ മന്ത്രി കെ.ടി. ജലീലിനെ എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ സമരത്തിലുമാണ്.
ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ക്ക് തങ്ങളുടെ വാദങ്ങള്‍ വിശദീകരിക്കാന്‍ പോലും സാധിക്കുന്നില്ല. ഇതോടെ മാധ്യമ പ്രവര്‍ത്തകരെ ആക്ഷേപിച്ച് പാര്‍ട്ടി രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാനിധ്യമുള്ള പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ അതും ഫലപ്രദമല്ല.
സ്വര്‍ണക്കടത്തും പിന്‍വാതില്‍ നിയമനവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലെ പ്രതിരോധം വേണ്ടത്രയില്ലെന്ന് സിപിഎം നേരത്തെ വിലയിരുത്തിയിരുന്നു. അണികള്‍ക്ക് കമന്റുകള്‍ ക്യാപ്സ്യൂള്‍ രൂപത്തില്‍ പാര്‍ട്ടി നല്‍കുമെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ ക്യാപ്സ്യൂള്‍ കമ്മികള്‍ എന്ന ഇരട്ടപ്പേരും സൈബര്‍ സഖാക്കള്‍ക്ക് ലഭിച്ചു.
സോഷ്യല്‍ മീഡിയയില്‍ ഉത്തരം മുട്ടിയതോടെ ചുവടുമാറ്റിപ്പിടിക്കുകയാണ് സിപിഎം. രാഷ്ട്രീയം ചര്‍ച്ചയാകുന്നത് പരമാവധി ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് പാര്‍ട്ടി അണികള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ചിരി ചലഞ്ചും കപ്പിള്‍ ചലഞ്ചും പോലുള്ള പരിപാടികള്‍ സൈബര്‍ പ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി അനുയായികളുടെ അക്കൗണ്ടുകളിലെല്ലാം ഇതിന്റെ ചിത്രങ്ങളാണുള്ളത്. ഇതോടെ ബിനോയ് കോടിയേരിയുടെയും ജയരാജന്റെ മകന് ജയ്സണിന്റെയും വിവാദ ഫോട്ടോ പ്രചരിപ്പിച്ച് എതിരാളികള്‍ പരിഹാസവും തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിനെതിരായ സമരത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ സമര ചലഞ്ചുമായും രംഗത്തെത്തി.
Discussion about this post