ജയ്പുര്‍: കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനില്‍ ഒരാഴ്ചക്കിടെ പതിനൊന്ന് സ്ത്രീ പീഢനങ്ങള്‍ നടന്നതായി കണക്കുകള്‍. പീഡിപ്പിക്കപ്പെട്ടവരില്‍ ദളിതരും പ്രായപൂര്‍ത്തിയാകാത്തവരും ഉള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശില്‍ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും രംഗത്തുവന്നിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനത്തെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് പാര്‍ട്ടിക്കും നേതൃത്വത്തിനും ക്ഷീണമായി. തലസ്ഥാനമായ ജയ്പൂരിലാണ് പീഡനങ്ങള്‍ ഏറെയും.
ഒരാഴ്ചക്കിടെയുണ്ടായ സംഭവങ്ങള്‍
ജയ്പൂര്‍ സന്ദര്‍ശിച്ച യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. എസ്എംഎസ് ആശുപത്രിയിലെത്തിയ ഇവരുടെ പഴ്സ് മോഷ്ടിക്കപ്പെട്ടിരുന്നു. സഹായിക്കാനെന്ന വ്യാജേനയെത്തിയവരാണ് പീഡിപ്പിച്ചത്. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സികാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. വീഡിയോ ചിത്രീകരിച്ചെന്നും പരാതി പിന്‍വലിക്കാന്‍ ഭീഷണിയുള്ളതായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു.
13, 15 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ബാരനില്നിന്നും തട്ടിക്കൊണ്ടുപോയി. മൂന്ന് ദിവസം ജയ്പൂരിലും കോട്ടയിലുമായി അഞ്ച് പേര് പീഡിപ്പിച്ചു. എന്നാല്‍ പരാതിപ്പെട്ട പെണ്‍കുട്ടിയെ അവഹേളിക്കുകയാണ് സര്‍ക്കാരും പോലീസും. പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ന്യായീകരിച്ചു.
അജ്മീറില്‍ യുവതിയെ പീഡിപ്പിച്ചു. ടിപ്പു സുല്‍ത്താന്‍ എന്നയാള്‍ യുവതിയെ സമീപത്തെ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ജയ്പൂരില്‍ എട്ടാം ക്ലാസ്സുകാരിയെ മൂന്ന് പേര് ചേര്‍ന്ന് പീഡിപ്പിച്ചു. സ്കൂളില്‍ പോകുമ്പോള്‍ തട്ടിക്കൊണ്ടുപോയായിരുന്നു പീഡനം.
ഹനുമാന്‍ഗഡില്‍ അഞ്ച് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. മഹേന്ദ്ര സിംഗ് എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
അല്‍വാറില്‍ നാല് വയസ്സുകാരിയെ 45കാരന് പീഡിപ്പിച്ചു. വീട്ടില്‍ ഒറ്റക്കായിരുന്ന കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തു.
സവായ് മധോപൂരില്‍ ഭര്‍തൃമതിയെ രണ്ട് പേര് ചേര്‍ന്ന് പീഡിപ്പിച്ചു. കൊഥായ് ഗ്രാമത്തിലെ ബന്ധുവിനെ കാണാന്‍ പോവുകയായിരുന്ന യുവതിയെ സഹായിക്കാനെന്ന വ്യാജേനയെത്തിയവരാണ് പീഡിപ്പിച്ചത്.
ജയ്പൂര്‍ മാളവ്യ നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധു പീഡിപ്പിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടാനും നിര്‍ബന്ധിച്ചു.
സിരോഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോലീസുകാരനെ അറസ്റ്റ് ചെയ്തു. നവന് പോലീസ് സ്റ്റേഷനിലെ ജിതേന്ദ്ര സിംഗ് എന്നയാളാണ് അറസ്റ്റിലായത്.
Discussion about this post