തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്ത മന്ത്രി കെ.ടി. ജലീലിനെ പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ഹജ്ജിന് പോകാന്‍ നടത്തിയ ഇന്റര്‍വ്യൂ ആണെന്ന് പറയാതിരുന്നാല്‍ ഭാഗ്യമെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിദേശത്തുനിന്ന് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മന്ത്രിയോട് പ്രധാനമായും ഇഡി ചോദിച്ചത്. നേരത്തെ ഈ വിഷയത്തില്‍ മുസ്ലിം മതവികാരം ഇളക്കിവിട്ട് രക്ഷപ്പെടാന്‍ മന്ത്രി ശ്രമിച്ചിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചാണ് ശോഭാ സുരേന്ദ്രന്റെ പരിഹാസം.
https://www.facebook.com/SobhaSurendranOfficial/posts/2010631215727375
തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നയതന്ത്ര ബാഗേജ് വഴി എത്തിച്ച മതഗ്രന്ഥങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കേന്ദ്രാനുമതിയില്ലാതെ മതഗ്രന്ഥങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനോ വിതരണംചെയ്യാനോ കഴിയില്ലെന്നിരിക്കെയാണ് സംഭവം വിവാദമായത്. പാഴ്സലില്‍ മതഗ്രന്ഥങ്ങള്‍ തന്നെയാണോ ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ചും സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു.
ഇതരരാജ്യത്തിന് ഇവിടെ മതഗ്രന്ഥങ്ങള്‍ വിതരണംചെയ്യാന്‍ വിദേശ-ആഭ്യന്തര മന്ത്രാലയങ്ങളിലേക്ക് വിവരമറിയിച്ച് മുന്‍കൂര്‍ അനുമതിതേടണം. കേരളസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും വേണം. രണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജുകള്‍ക്കൊന്നും യു.എ.ഇ. കോണ്‍സുലേറ്റിന് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. കോണ്‍സുലേറ്റില്‍നിന്നുള്ള ഇത്തരം ഇടപാടുകള്‍ക്ക് താന്‍ കമ്മിഷന് കൈപ്പറ്റിയിരുന്നതായി സ്വപ്നാ സുരേഷ് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു.
മതഗ്രന്ഥങ്ങള്‍ എല്ലാ വര്‍ഷവും യു.എ.ഇ. എംബസികളും കോണ്‍സുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനോടനുബന്ധിച്ച് വിതരണം ചെയ്യാറുള്ളതാണെന്നായിരുന്നു ജലീലിന്റെ വിശദീകരണം. വിതരണം ചെയ്യരുതെന്നാണ് കേന്ദ്ര നിലപാടെങ്കില്‍ അവ കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കാന്‍ തയ്യാറാണെന്നും ജലീല്‍ പറഞ്ഞു. യുഎഇ കാലങ്ങളായി ആവശ്യക്കാര്‍ക്ക് സാംസ്കാരികാചാരത്തിന്റെ ഭാഗമായി നല്കി വരാറുള്ള വേദഗ്രന്ഥങ്ങള്‍, ഇവിടെ കൊടുക്കാന്‍ പാടില്ലെന്നാണ് അധികൃതരുടെ പക്ഷമെങ്കില്‍, വേദനയോടെയാണെങ്കിലും കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ മറ്റെല്ലാ ഖുര്‍ആന്‍ കോപ്പികളും കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കുമെന്ന് അദ്ദേഹം നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മതവികാരം ഉയര്‍ത്തിവിട്ട് രക്ഷപ്പെടാനുള്ള നീക്കമാണിതെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
Discussion about this post