കൊച്ചി: സ്വാമി അയ്യപ്പനെ ആക്ഷേപിച്ച തൃപ്പൂണിത്തുറ എംഎല്‍എയും സിപിഎം നേതാവുമായ എം.സ്വരാജ് രാമായണ പ്രഭാഷണോത്സവത്തില്. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ഉപദേശക സമിതിയാണ് ഭക്തരെ വെല്ലുവിളിച്ച് സ്വരാജിനെ പ്രഭാഷകനാക്കിയത്. ഉപദേശക സമിതിയുടെ ഫേസ്ബുക്ക് പേജിലാണ് രാമായണ മാസത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തിവരുന്നത്.
ശബരിമല പ്രക്ഷോഭ കാലത്ത് സ്വരാജ് നടത്തിയ പ്രസംഗം വിവാദമായിരുന്നു. ‘ശബരിമല അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയല്ല. പ്രളയം മൂലം ഓണസമയത്ത് ശബരിമല നട തുറന്നപ്പോള്‍ കന്നി അയ്യപ്പന്മാര് വന്നില്ല, അങ്ങിനെ ആ ഓഗസ്റ്റ് പതിനെട്ടാം തീയതി അയ്യപ്പന് മാളികപ്പുറത്തമ്മയെ കല്യാണം കഴിച്ചിരിക്കാം’ എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഉപദേശക സമിതിയെ നിയന്ത്രിക്കുന്നത് സിപിഎമ്മാണ്. ഏതാനും ദിവസം മുന്‍പ് മതപരിവര്ത്തകനായ റവ.സാം കുടിലിങ്കലിനെ പ്രഭാഷണത്തിനായി തീരുമാനിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പരിപാടി ഉപേക്ഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്വരാജിനെ ക്ഷണിച്ചത്.
ഉപദേശക സമിതിക്കെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തി. മദനി ജയിലിലായത് നന്നായെന്നും ഇല്ലെങ്കില്‍ അതും കാണേണ്ടി വന്നേനെയെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്.വി. ബാബു ചൂണ്ടിക്കാട്ടി. ശബരിമല അയ്യപ്പന് കല്യാണം കഴിച്ചുവെന്നും രാമന് ശൂദ്ര വിരോധിയായതുകൊണ്ടാണ് തപസ്സു ചെയ്ത ശംബുകനെ കൊന്നതെന്നും കിട്ടുന്ന അവസരങ്ങളിലൊക്കെ ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ചും അവഹേളിച്ചും പ്രസംഗിക്കുന്ന സ്വരാജിനെ പോലുള്ളവരെ രാമായണ പ്രഭാഷണത്തിന് ക്ഷേത്ര വേദികളില്‍ ക്ഷണിച്ചു കൊണ്ടുവരുന്ന പൂര്‍ണ്ണത്രയീശ ഉപദേശക സമിതി സിപിഎമ്മിന്റെ ഒരു ബ്രാഞ്ച് കമ്മിറ്റിയായി പ്രവര്‍ത്തിക്കുകയാണ്. ഹിന്ദു വിരുദ്ധ കമ്യൂണിസ്റ്റ് കപട മതേതരആശയങ്ങള് ഒളിച്ചു കടത്താന്‍ വേണ്ടിയുള്ള കമ്യൂണിസ്റ്റ്കാരുടെ അദ്ധ്യാത്മ പ്രഭാഷണവും മതം മാറ്റക്കാരനായ ഇവാഞ്ചലിക്കല്‍ സഭക്കാരന്റെ പ്രഭാഷണവും സിപിഎമ്മിന്റെ ഈ അജണ്ടയാണ് ലക്ഷ്യം വയ്ക്കുന്നത്. സിപിഎംകാര്‍ക്ക് മേധാവിത്തമുള്ള ഒരു കമ്മിറ്റിയെ നോമിനേഷനിലൂടെ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചതും ലക്ഷ്യം വേറൊന്നല്ല. ഏരിയ സെക്രട്ടറി നേരിട്ട് ഈ ഉപദേശക സമിതിയെ നിയന്ത്രിക്കുന്നത് അതിനു വേണ്ടിയാണ്. മദനി ജയിലായത് നന്നായി, അല്ലെങ്കില്‍ അതും കാണേണ്ടി വന്നേനെ. തൊഴിയ്ക്കും തോറും തൊഴുത് നില്ക്കുന്ന ഹിന്ദുക്കള്‍ക്ക് ഇതൊക്കെ മനസ്സിലാവുമോ?. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Discussion about this post