തിരുവനന്തപുരം: മനോരമ ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക നിഷാ പുരുഷോത്തമന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് നീക്കം. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും അനുകൂലമാണ്. ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും താത്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കിലും എതിര്‍പ്പ് ഉന്നയിച്ചിട്ടില്ല. മാധ്യമ പ്രവര്ത്തകയെന്നതും അറിയപ്പെടുന്ന വനിതയെന്നതും സ്ഥാനാര്‍ത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് വാദം. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മണ്ഡലങ്ങളാണ് പരിഗണനയിലുള്ളത്. സാമുദായിക സമവാക്യം കൂടി നോക്കിയാകും തീരുമാനം. കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബമാണ് നിഷയുടേത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ വിഷനിലെ മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ്ജിനെ സിപിഎം ആറന്മുളയില് മത്സരിപ്പിച്ച് ജയിപ്പിച്ചിരുന്നു. അതേ സമയം, നികേഷ് കുമാറിനെ സിപിഎം അഴീക്കോട് മത്സരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു.
ഒന്നര വര്‍ഷത്തോളമായി നിഷയുടെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാണ്. നേരത്തെ പാര്‍ട്ടി ചാനലായ ജയ് ഹിന്ദില് ഉന്നത സ്ഥാനം നിഷക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലാത്തതിനാല്‍ നിഷ നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീക്കം തുടങ്ങിയത്. കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി നിഷക്ക് അടുത്ത ബന്ധവുണ്ട്. എന്നാല്‍ ഇപ്പോള്‍ നിഷക്കെതിരെ നടക്കുന്ന സിപിഎമ്മിന്റെ സൈബര്‍ ആക്രമണം തിരിച്ചടിയാകുമോയെന്ന ആശങ്ക കോണ്‍ഗ്രസ്സിനുണ്ട്. നിക്ഷ്പക്ഷ മാധ്യമ പ്രവര്‍ത്തകയെന്ന പ്രതിഛായ തകര്‍ക്കാനാണ് ആക്രമണമെന്നും കോണ്‍ഗ്രസ് പ്രവേശനം തടയുകയാണ് ലക്ഷ്യമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
സിപിഎം നേതാക്കളും മനോരമയുടെ ചര്‍ച്ചകളില്‍ നിഷയെ വ്യക്തിപരമായി ആക്രമിക്കാറുണ്ട്. തുറന്നുപറഞ്ഞില്ലെങ്കിലും വരികള്‍ക്കിടയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയമാണ് നിഷയുടെ ലക്ഷ്യമെന്ന് എംഎല്‍എ എ.എന്‍. ഷംസീര്‍ ഉള്‍പ്പെടെയുള്ളവര്‍ പലതവണ സൂചിപ്പിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംബന്ധിച്ച് നിഷ നയിച്ച ഒരു ചര്‍ച്ചയില്‍ ഷംസീര്‍ പറഞ്ഞത് ഇങ്ങനെ. നിങ്ങളുടെ രാഷ്ട്രീയം എന്താണ്. രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ നിങ്ങളെക്കുറിച്ച് പല ചര്‍ച്ചകളും നടക്കുന്നു. തിരുവനന്തപുരത്ത് വന്നുപോകുന്ന ആളുകളെന്ന നിലയില്‍ ഞങ്ങള്‍ക്ക് അതറിയാം. അതൊന്നും പറയുന്നില്ല. എന്തിനാണ് നിങ്ങളിത്ര ചാട്ടം ചാടുന്നതെന്ന് അറിയാം”. ഞാന്‍ ഡല്‍ഹിയിലും കണ്ണൂരിലും തിരുവനന്തപുരത്തും ഒക്കെ പോകുന്ന ആളാണെന്ന് നിഷ ഇതിന് മറുപടി പറയുകയും ചെയ്തു. നിഷയുടെ കോണ്‍ഗ്രസ് പ്രവേശനമാണ് ഷംസീര്‍ ഉദ്ദേശിച്ചതെങ്കിലും സ്ത്രീ വിരുദ്ധ പരാമര്‍ശമായാണ് ഇതിനെ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രേമചന്ദ്രന് എംപി ഉള്‍പ്പെടെയുള്ളവര്‍ സമീപിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ നിഷയാണ് കൂടുതല്‍ ആക്രമിക്കപ്പെടുന്നതും. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണവും നടക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത് തടയിടാനുള്ള അവസരമായി സാഹചര്യത്തെ സിപിഎം പ്രയോജനപ്പെടുത്തുകയാണ്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ വയനാട് കോവിഡ് മുക്തമായെന്ന് നിഷ ട്വീറ്റ് ചെയ്തിരുന്നു. നിഷയുടെ കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകളും നിരവധിയാണ്. ഇതും സിപിഎം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post