തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ പേരുപയോഗിച്ച് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ സ്വപ്നയുമായി മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് അടുത്ത ബന്ധം. സ്വപ്നയുമായി വീണക്ക് ബിസിനസ് ബന്ധങ്ങള്‍ ഉണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. ബംഗലുരുവില്‍ ഐടി കമ്പനി നടത്തുന്ന വീണക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട് നിരവധി സഹായങ്ങള്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഐടി വകുപ്പ് സെക്രട്ടറി ശിവശങ്കരന്റെ സഹായത്തോടെ വീണയുടെ കമ്പനിക്ക് പ്രോജക്ടുകള്‍ നല്‍കുന്നതായി നേരത്തെ ആരോപണമുണ്ട്. ഇത് പുറത്തുവരുമെന്ന ഭയമാണ് ശിവശങ്കരനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിന് പിന്നിലെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ബന്ധങ്ങള്‍ പുറത്തറിയുമെന്ന ഭയത്തിലാണോ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റാതിരുന്നതെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു. ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ വ്യക്തി താല്പര്യമാണ്. സ്വര്‍ണ്ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലെങ്കില്‍ പിന്നെ എന്തിന് സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കറിനെ മാറ്റിയെന്നും അദ്ദേഹം ചോദിച്ചു. സോളാര്‍ കേസിന്റെ തനിയാവര്‍ത്തനമാണിത്. അന്ന് സരിതയാണെങ്കില്‍ ഇന്ന് സ്വപ്ന മുഖ്യമന്ത്രിയുടെ ചെവിയില്‍ സ്വകാര്യം പറയുന്ന ദൃശ്യം പുറത്തുവരുകയാണ്. വ്യക്തമായ ധാരണയില്ലാതെ ഇതുവരെ മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചിട്ടില്ല. സാധാരണ നികുതി വെട്ടിപ്പ് കേസായി ഇത് മാറില്ലെന്ന് കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
സ്വര്ണ്ണക്കളക്കടത്തു കേസുമായി ബന്ധപ്പെട്ട ചങ്ങലയുടെ കണ്ണികള്‍ നീണ്ടതാണെന്നും അതില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനും ബന്ധമുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്. ‘കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായ ശേഷം പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനി വഴിയാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്നയ്ക്ക് കെ ഫോണില്‍ ജോലി കിട്ടിയത്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട കമ്പനിയാണെന്ന് ചീഫ് സെക്രട്ടറിയും ഫിനാന്‍സ് സെക്രട്ടറിയും സിറ്റിസണ്‍ ഫോറവും അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെ എതിര്‍പ്പ് മറികടന്നാണ് പി ഡ്ബ്ല്യുസിയുമായി കരാര്‍ ഒപ്പിട്ടത്’. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സും അതിലെ ഉദ്യോഗസ്ഥരും എക്സാ ലോജിക് എന്ന കമ്പനിയുമായി ബന്ധപ്പെട്ടതാണ്. ഇത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയാണെന്നും ബെന്നി ബഹനാന് ആരോപിച്ചു. എക്സാ ലോജിക് കമ്പനിയുടെ വെബ്സൈറ്റില്‍ കമ്പനിയുടെ മെന്ററായി പറയുന്നത് ജെറിക് എന്നയാളെയാണ്. ഇയാള്‍ 12 വര്‍ഷക്കാലം പിഡബ്ല്യുസിയുമായി(പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്) ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും ബെന്നി ബഹനാന് ആരോപിച്ചു.
Discussion about this post