ന്യൂഡല്‍ഹി: ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഊഷ്മള ബന്ധം ചര്‍ച്ചയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള സൗഹൃദം പ്രസിദ്ധവുമാണ്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഈ സൗഹൃദം. മോഡി പ്രധാനമന്ത്രിയായതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെയധികം മുന്നോട്ടുപോയി. ഇപ്പോഴിതാ ആ ബന്ധം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. ലോകത്തെ ഞെട്ടിച്ച കോവിഡാണ് വിഷയം.
മുപ്പത് സെക്കന്റിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം ലഭ്യമാക്കാനുള്ള സംവിധാനം ഇരുരാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കുകയാണ്. ഇതിനായി വരും ദിവസങ്ങളില്‍ ടെല്‍ അവീവില്‍നിന്നും വിദഗ്ധ സംഘത്തെയും വഹിച്ചുള്ള പ്രത്യേക വിമാനം ഡല്‍ഹിയിലെത്തുമെന്ന് ഇസ്രായേല്‍ എംബസ്സി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ചീഫ് സയന്റിസ്റ്റ് കെ.വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘവുമായി ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിക്കും. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ നെതന്യാഹുവും നരേന്ദ്ര മോഡിയും മൂന്ന് തവണ ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നതായി എംബസ്സി ചൂണ്ടിക്കാട്ടി. ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുനേതാക്കളും അന്ന് വ്യക്തമാക്കി.
Discussion about this post