ന്യൂഡല്‍ഹി: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്ന നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) വീണ്ടും വിളിച്ചുവരുത്തി. കഴിഞ്ഞ മാസം ചോദ്യം ചെയ്യലിനായി എന്‍സിബി വിളിപ്പിച്ചതിന് ശേഷം കരിഷ്മയെ കുറിച്ച് പിന്നെ വിവരം ഇല്ല. ഇതോടെ പുതിയ സമന്‍സ് അമ്മ മിതാക്ഷര പുരോഹിറ്റിന് കൈമാറി, ഒപ്പം കരീഷ്മയുടെ ജോലിസ്ഥലമായ ക്വാന്‍ ടാലന്റ് മാനേജ്മെന്റിലേക്കും സമന്‍സ് അയച്ചു.
ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ശേഷം കരീഷ്മ പ്രകാശിനെ കണ്ടെത്താനായില്ല എന്നത് ശരിയാണെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട എന്‍സിബി ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.
കഴിഞ്ഞയാഴ്ച എന്‍സിബി മുംബൈയിലെ വസതിയില്‍ തിരച്ചില്‍ നടത്തി 1.7 ഗ്രാം കഞ്ചാവും ചില കുപ്പി സിബിഡി ഓയിലും കണ്ടെടുത്തിരുന്നു. റെയ്ഡിനുശേഷം, ചോദ്യം ചെയ്യലിനായി അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ കരിഷ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഒരാഴ്ചയ്ക്കുള്ളില്‍ കരിഷ്മയ്ക്ക് നല്കുന്ന രണ്ടാമത്തെ സമന്‍സാണിത്.
സെപ്റ്റംബറില്‍ ദീപികയും കരിഷ്മയും എന്‍സിബിയുടെ മുമ്പാകെ ചോദ്യം ചെയ്യാനായി ഹാജരായിരുന്നു. നടിമാരായ സാറാ അലി ഖാന്, ശ്രദ്ധ കപൂര്‍ എന്നിവരെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. അതേസമയം, കരിഷ്മ ജോലി ചെയ്യുന്ന ക്വാന്‍ ടാലന്റ് മാനേജ്മെന്റ് ഒരു സെലിബ്രിറ്റി മാനേജ്മെന്റ് കമ്പനിയാണ്. സുശാന്തിന്റെ മുന്‍ മാനേജര്‍ ജയ സാഹയും ജോലി ചെയ്യുന്ന അതേ സ്ഥലമാണിത്. ഇവരെ നേരത്തെ എന്‍സിബിയും ചോദ്യം ചെയ്തിരുന്നു.
ദീപികയുടെയും കരീഷ്മയുടെയും വാട്സ് ആപ്പ് ചാറ്റ് കണ്ടെടുത്തതാണ് ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവായി ലഭിച്ചത്. ഇതില്‍ കരീഷ്മയോട് ദീപിക കഞ്ചാവ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരെയും ചോദ്യം ചെയ്യലിനായി എന്‍സിബി വിളിപ്പിച്ചത്.
നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് എന്‍സിബി മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്. ജൂണ്‍ 14 നാണ് സുശാന്തിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍സിബിയെ കൂടാതെ സിബിഐയും ഇഡിയും നടന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക കേസുകള്‍ അന്വേഷിക്കുന്നുണ്ട്.
Discussion about this post