തിരുവനന്തപുരം : പാവപ്പെട്ടവര്‍ക്ക് കഴിഞ്ഞ ഒന്‍പത് മാസമായി സൗജന്യ റേഷന്‍ കൊടുക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. സംസ്ഥാനം കൊടുക്കുന്ന റേഷനില്‍ സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് എത്രയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഒരു കിലോ അരിക്ക് 25 രൂപ കേന്ദ്രം കൊടുക്കുന്നതാണ്. പോസ്റ്റല്‍ വോട്ട് എത്തിക്കാന്‍ ആരോഗ്യവകുപ്പ് സിപിഎം പ്രവര്‍ത്തകരെ ഒപ്പം കൂട്ടുകയാണ്. സി.പി.എമ്മിന് കിട്ടാത്ത വോട്ടുകള്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മടിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
അതേസമയം താമരക്ക് സമാനമായ റോസാപൂവ് ചിഹ്നം അപര സ്ഥാനാര്‍ത്ഥികള്‍ക്ക് നല്കി ഇലക്ഷന് കമ്മീഷന് പക്ഷഭേദം കാണിച്ചു. അന്ന് ബി.ജെ.പി ജനാധിപത്യരീതിയിലാണ് പ്രതിഷേധിച്ചത് എന്നാല്‍ പോസ്റ്റല്‍ വോട്ടിലെ അട്ടിമറി അനുവദിക്കില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായതോടെ എല്‍.ഡി.എഫും യു.ഡി.എഫും വര്‍ഗീയ പ്രചാരണം അഴിച്ചുവിടുകയാണ്. കള്ളപണം, സ്വര്‍ണ്ണക്കടത്ത്, കിഫ്ബി, ലൈഫ് തുടങ്ങിയ അഴിമതികളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇടതുമുന്നണിയും മുഖ്യമന്ത്രിയും ശ്രമിക്കുകയാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന അത്യാധുനിക രണ്ടാം കാമ്പസിന് ഗുരുജി ഗോള്‍വാല്‍ക്കറുടെ പേര് ഇടുന്നത് സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് പരസ്യമായി വര്‍ഗീയ ശക്തികളുമായി കൂട്ടകെട്ട് ഉണ്ടാക്കിയിരിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തിയ മുല്ലപ്പള്ളി അവരുമായി ധാരണയില്ലെന്ന് കള്ളം പറയുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ധാരണയാണ്. ഒരമ്മ പെറ്റ മക്കളെ പോലെയാണ് ഇരുമുന്നണികളും ബി.ജെ.പിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. പാലക്കാട് ഇടതുമുന്നണിയും ഐക്യമുന്നണിയും ഒരേ വാട്സാപ്പ് ഗ്രൂപ്പിലാണ് പ്രചരണം നടത്തുന്നത്. വളരെ വിചിത്രമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. രണ്ട് മുന്നണികള്‍ക്കും പരാജയഭീതിയിലാണെന്നും സുരേന്ദന് പറഞ്ഞു.
Discussion about this post