ന്യൂഡല്‍ഹി: ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന ബംഗാളിലും അസമിലും സ്ഥിതി സമാധാനപരമാണെന്നും പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തിലേറുമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. ബംഗാള്‍ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 30-ല്‍ 26 സീറ്റും ബി.ജെ.പി നേടും. വലിയ പോളിംഗ് ശതമാനമാണ് സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തുന്നത്. ഇത് ജനങ്ങളുടെ ആവേശത്തിന്റെ സൂചനയാണെന്നും അമിത് ഷാ വ്യക്തമാക്കി.
അസമില്‍ പ്രധാനമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ വന്‍ വികസനം കൊണ്ടുവന്നു. ബിജെപിക്ക് വോട്ടുചെയ്ത വോട്ടര്‍മാര്‍ക്ക് അമിത്ഷാ നന്ദിപറഞ്ഞു. 200 ല്‍ അധികം സീറ്റ് നേടി ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. അസമിലും വ്യക്തമായ ഭൂരിപക്ഷം നേടും. അസമില്‍ 47 ല്‍ 37 ല്‍ അധികം സീറ്റ് ബിജെപി നേടും. ബിജെപിക്ക് വോട്ട് ചെയ്ത ബംഗാളിലെ സ്ത്രീകളോടും അദ്ദേഹം നന്ദി അറിയിച്ചു.
പശ്ചിമ ബംഗാളിലെയും ആസാമിലെയും ആദ്യഘട്ട വോട്ടെടുപ്പ് ഇന്നലെ സമാപിച്ചിരുന്നു. ‘ഞങ്ങള്‍ക്ക് വോട്ടു ചെയ്തതിന് രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വലിയ തോതില്‍ വോട്ടെടുപ്പ് നടന്നത് ജനങ്ങള്‍ക്കിടയിലെ ആവേശം സൂചിപ്പിക്കുന്നതാണ്’- അമിത് ഷാ ഡല്‍ഹിയില്‍ പറഞ്ഞു.’ഇന്നലെ വര്‍ഷങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളില്‍ ഒരു അക്രമസംഭവങ്ങളും നടക്കാതെ പോളിങ് പ്രക്രിയ നടന്നു.
പശ്ചിമ ബംഗാളിലെ സ്ത്രീകള്‍ ബിജെപിക്ക് അമുകൂലമായി വോട്ടു ചെയ്തതിന് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. പശ്ചിമ ബംഗാളില്‍ 200ലധികം സീറ്റുകളില്‍ വിജയിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും’ അദ്ദേഹം പറഞ്ഞു. മമത സര്‍ക്കാര്‍ ജനങ്ങളെ നിരാശരാക്കി. അതിനാല്‍ ഇടതില്‍ നിന്നുള്ള മാറ്റത്തിനായി ജനങ്ങള്‍ വോട്ടു ചെയ്തു. ബിജെപി ഒരു സോനാര്‍ ബംഗ്ലാ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇത് നടപ്പിലാക്കുകയും ബംഗാള്‍ വികസനം സാധ്യമാവുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ 79.79 ശതമാനം പോളിങ് രേഖപ്പെടുത്തി. ആസാമില്‍ 72.14 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. പശ്ചിമ ബംഗാളിലെ 30 സീറ്റുകളിലും ആസാമിലെ 47 സീറ്റുകളിലും 21,825 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്. ശനിയാഴ്ച സമധാനപരമായ വോട്ടെടുപ്പാണ് നടന്നതെന്ന് അമിത് ഷാ പറഞ്ഞു.
Discussion about this post