കോഴിക്കോട്: തിരുകേശം ബോഡി വേസ്റ്റ് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനെതിരെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കുന്ന കേരള മുസ്ലിം ജമാഅത്ത്. പ്രസ്താവന ഖേദകരമാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്ലിം ജമാഅത്ത് പ്രസ്താവനയില്‍ പറഞ്ഞു. മത ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടുമെന്നും മുസ്ലിം ജമാഅത്ത് പ്രസ്താവനയില്‍ പറഞ്ഞു. തിരുകേശം ബോഡി വേസ്റ്റ് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇതിനെതരെയാണ് കേരള മുസ്ലിം ജമാഅത്തിന്റെ പ്രതികരണം.
വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും സര്‍വ്വാദരണീയവുമാണ്. പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണ്. വിശ്വസിക്കാനും അവിശ്വസിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങള്‍ അനാദരിക്കപ്പെടരുത്. അപ്പോള്‍ മാത്രമാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. വിശ്വാസി മനസ്സുകളെ മുറിവേല്‍പ്പിക്കുന്ന വിവാദങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണം. മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും.
അപക്വമായ നിലപാടുകള്‍ക്ക് പകരം വിവേകപരമായ സമീപനരീതിയിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടതെന്ന് മുസ്ലിം ജമാഅത്ത് പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രി കെ.ടി. ജലീലിനെതിരായ സ്വര്‍ണക്കടത്ത് ആരോപണത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും ഖുറാന് മറയാക്കിയിരുന്നു. ഇതിലൂടെ മുസ്ലിം ധ്രുവീകരണവും പാര്‍ട്ടി ലക്ഷ്യമിട്ടു. എന്നാല്‍ പിണറായിയുടെ പഴയ പ്രസ്താവന വീണ്ടും ചര്‍ച്ചയായതോടെ സിപിഎം നീക്കം പാളുകയാണ്.
Discussion about this post