തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷും നാലാം പ്രതി സന്ദീപ് നായരും എന്‍ഐഎ കസ്റ്റഡിയില്‍. ബെംഗളൂരുവിലെ എന്‍ഐഎ യൂണിറ്റാണ് സ്വപ്നയെയും സന്ദീപ് നായരെയും കസ്റ്റഡിയിലെടുത്തത്. ഒളിവില്‍പ്പോയി ആറു ദിവസത്തിനു ശേഷമാണ് ഇവര്‍ കസ്റ്റഡിയിലായത്. അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് എന്‍ഐഎ പ്രതികളെ പിടിച്ചത്. കേരളാ പോലീസ് ഇവരെ സംരക്ഷിക്കുകയായിരുന്നുവെന്നും ഇതോടെ വ്യക്തമായി.
ബെംഗളുരുവില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇവരെ ഞായറാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫിസിലേക്കു കൊണ്ട് വന്നേക്കും. യുഎഇ കോണ്‍സുലേറ്റ് വിലാസത്തില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവില്‍ പോയത്. ഒന്നാം പ്രതിയും കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് എങ്ങനെ സ്വപ്ന സംസ്ഥാനം വിട്ടുവെന്നാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്. ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങള്‍ക്കു ബോധ്യമായതാണ്. കുറ്റവാളികളെ പിടികൂടിയ എന്‍. ഐ. എ യ്ക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post