കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറക്കും പോലീസ് ഹെഡ്കോട്ടേഴ്സ് എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിനും കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിരവധി തവണ ഇരുവരും യുഎഇ യാത്ര നടത്തിയതായാണ് വിവരം. ഇതിന്റെ വിശദാംശങ്ങള്‍ എന്‍ഐഎ തേടി.
ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്നക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ കസ്റ്റംസ് പോലീസിനെ ഒഴിവാക്കിയിരുന്നു. എന്‍ഐഎയും ഇതേ നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ്, എന്‍ഐഎ, തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനം എന്നീ ഓഫിസുകളുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയും അവരെ കേരളം വിട്ടുപോകാന്‍ സഹായിക്കുകയും ചെയ്തതു കേരള പൊലീസ് ആണെന്നു കേന്ദ്രം കരുതുന്നു. അതുകൊണ്ടാണു കേസന്വേഷണത്തിനു കേരള പൊലീസിന്റെ സഹായം കസ്റ്റംസ് തേടാതിരുന്നത്. ഇപ്പോള്‍ സിആര്‍പിഎഫിന്റെ സുരക്ഷ തേടാനുള്ള കാരണവും ഇതുതന്നെ. സ്വര്‍ണ്ണക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാരിനെപ്പോലെ തന്നെ പോലീസിനും നാണക്കേടായി മാറി.
പോലീസ് ഉദ്യോഗസ്ഥരുടെ ചില യാത്രകളുമായി സ്വപ്നക്ക് ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. എംബസ്സി മുഖേന സ്വപ്ന യുഎഇയില്‍ ചില സഹായങ്ങള്‍ ചെയ്തുനല്‍കി. പോലീസ് ഉദ്യോഗസ്ഥരുമായും യുഎഇ എംബസ്സി അധികൃതരുമായും ഇതിനായി നടത്തിയ ഇമെയിലുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നേരത്തെ ബെഹറയും സ്വപ്നയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മറ്റൊരു എഡിജിപിക്കെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന് സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ളതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ ശ്രീജിത്ത് ഇന്നലെ പരാതി നല്കി. സ്വപ്ന ഉള്‍പ്പെട്ട വ്യാജ പീഡനാരോപണ പരാതി ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ സ്വപ്നയെ ചോദ്യം ചെയ്തതില്‍ ഐഎഎസ് ഉന്നതന് അതൃപ്തി അറിയിച്ചെന്നും ഐജി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന് പ്രതിയെ സഹായിച്ചെന്നുമായിരുന്നു വാര്‍ത്ത. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന പ്രചാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരെയാകെ ഇരുട്ടില്‍ നിര്‍ത്തുന്നതാണ്. സംഭവം നടന്നതായി പറയുന്ന സമയത്ത് താന്‍ കേരളത്തിലുണ്ടായിരുന്നില്ലെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി.
പ്രചാരണത്തിന് പിന്നില്‍ പോലീസിലെ തന്നെ ഒരു വിഭാഗമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെയാണ് ശ്രീജിത്ത് പരാതി നല്‍കിയത്.
ന്റലിജന്റ്സ് റിപ്പോര്‍ട്ടെന്ന വ്യാജേന മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരം നല്കി അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമവും നടന്നു. ഇതിനെതിരെയും നടപടി വേണമെന്ന ആവശ്യവുമായി പോലീസില്‍ ഒരു വിഭാഗം രംഗത്തെത്തി. മനോജ് എബ്രഹാമിന് പ്രധാന പങ്കുള്ള, എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സൈബര്‍ സെക്യൂരിറ്റി പോലീസിങ് കോണ്‍ഫറന്‍സിനെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. കേസില്‍ കേരളാ പോലീസിന്റെ നിസ്സഹകരണവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
Discussion about this post