കോഴിക്കോട്: സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യ പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിനെ രക്ഷിച്ചെടുക്കാനും മുസ്ലിം ഇരവാദ പ്രചാരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ഒരു വിഭാഗം മാധ്യമങ്ങള്‍. യുഎഇയിയില്നിന്ന് സ്വര്‍ണ്ണം അയച്ച തൃശൂര്‍ സ്വദേശി ഫൈസലിനെ നിരപരാധിയെന്ന് ചിത്രീകരിച്ചാണ് പ്രചാരണം. മുസ്ലിം മതമൗലികവാദ സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്ണാണ് ഇതിന് തുടക്കമിട്ടത്. എറണാകുളം സ്വദേശിയായ ഫാസില്‍ ഫരീദാണ് സ്വര്‍ണ്ണം അയച്ചതെന്ന് നേരത്തെ എന്‍ഐഎയും കസ്റ്റംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ വീഡിയോകളും ചിത്രങ്ങളും ബിസിനസ് ബന്ധങ്ങളും പുറത്തുവന്നു. തുടര്‍ന്നാണ് തൃശൂര്‍ സ്വദേശിയായ ഫൈസല്‍ ഫരീദ് താന്‍ നിരപരാധിയാണെന്നവകാശപ്പെട്ട് മീഡിയ വണ്ണില്‍ പ്രത്യക്ഷപ്പെടുന്നത്.
പ്രതിയുടെ അഭിമുഖം എക്സ്ക്ലുസീവായാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. ”സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം എന്റേത് തന്നെയാണ്. പക്ഷെ പ്രതി ഞാനല്ല. യുഎഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ല. ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. അഭിമുഖത്തില്‍ പറയുന്നു. സ്വര്‍ണം കടത്തിയ കേസിലെ പ്രതിപ്പട്ടികയില്‍ എന്‍ഐഎ മൂന്നാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയ പേരാണ് ഫൈസല്‍ ഫരീദിന്റേതെന്നും മറ്റു പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഫൈസല്‍ ഫരീദ് ആരാണെന്നത് അജ്ഞാതമാണെന്നും വാര്‍ത്തയില്‍ പറഞ്ഞുവെക്കുന്നു. ഇതിന് പിന്നാലെ ഇസ്ലാമിസ്റ്റുകള്‍ ഇരവാദവുമായി രംഗത്തെത്തി. മുസ്ലിമായതിനാല് വ്യവസായിയെ പീഡിപ്പിക്കുന്നുവെന്നായിരുന്നു പ്രചാരണം.
എന്നാല്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇയാള്‍ യഥാര്‍ത്ഥ പ്രതി തന്നെയാണെന്ന് ഇന്നലെ എന്‍ഐഎയും കസ്റ്റംസും വ്യക്തമാക്കി. തൃശൂര്‍ കയ്പമംഗലം സ്വദേശിയാണ് ഫൈസല്‍. പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും പ്രതിയുടേത് തന്നെയാണ്. എഫ്ഐആര്‍ തയാറാക്കിയപ്പോള്‍ ഫൈസല്‍ ഫരീദിന്റെ പേരിലും വിലാസത്തിലും വന്ന തെറ്റ് തിരുത്തുന്നതിനും അപേക്ഷ നല്കി. കസ്റ്റംസ് എഫ്ഐആര്‍ തയാറാക്കിയപ്പോള്‍ ഫാസില്‍ ഫരീദ്, റെസിഡന്റ് ഓഫ് എറണാകുളം എന്ന വിലാസമാണ് നല്‍കിയിരുന്നത്. ഈ തെറ്റ് എന്‍ഐഎ എഫ്ഐആര്‍ തയാറാക്കിയപ്പോഴും ആവര്‍ത്തിച്ചു. ഇത് തിരുത്തി ഫൈസല്‍ ഫരീദ്, മൂന്നു പീടിക, തൃശൂര്‍ എന്ന് മാറ്റുന്നതിനാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇയാളുടെ ഫോണ്‍ നമ്പറും വിലാസവും സ്വര്‍ണം കണ്ടെത്തിയ പാഴസലിലുണ്ട്. മാധ്യമങ്ങളിലെ സുഹൃത് ബന്ധം ഉപയോഗിച്ച് ഫൈസല്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതായാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്. ഈ നിലക്കും അന്വേഷണം നീങ്ങുമെന്നും അവര്‍ വ്യക്തമാക്കി.
ഫൈസലിനെ നാട്ടിലെത്തിക്കുന്നതിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു. സംഭവത്തില്‍ ഫൈസല്‍ ഫരീദ് മാത്രമല്ല, വലിയ രാജ്യാന്തര സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആഭ്യന്തര വിപണിയിലേയ്ക്കോ സ്വര്‍ണക്കടകള്‍ ലക്ഷ്യമിട്ടോ അല്ല ഇവര്‍ സ്വര്‍ണം കടത്തിയത് എന്നും കോടതിയെ അറിയിച്ചു. ഇതിനു മുമ്പ് രണ്ടു തവണ 9 കിലോയും 18 കിലോയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും കോടതിയില്‍ അറിയിച്ചു. ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്ന് കൈമാറാനുള്ള നീക്കത്തിലാണ് എന്‍ഐഎ. ഫൈസല്‍ ഫരീദിനായി എന്‍ഐഎ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കും. എന്‍ഐഎ ഇന്റര്‍പോളിലേക്ക് ബ്ലൂ നോട്ടീസ് അയയ്ക്കും. ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുക വഴി കേസില്‍ ഇന്റര്‍പോളിന്റെ സഹായം തേടുകയാണ് എന്‍.ഐ.എ. ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറാന്‍ ആവശ്യപ്പെട്ടാണ് ഇന്റര്‍പോളിന് എന്‍ഐഎ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നത്. കുറ്റവാളിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടീസ്. കേസിലെ പ്രധാന കണ്ണിയാണ് ഫൈസല്‍ ഫരീദ്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസുകള്‍ കൂടി എന്‍ഐഎ ഏറ്റെടുക്കും.
Discussion about this post