കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി ചാനലുകള്‍ തിരുത്തിയ നുണ ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച കോടിയേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിഎംഎസ്. വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവെച്ച ബാഗ് വിട്ടുനല്‍കുന്നതിനായി ബിഎംഎസ് നേതാവ് വിളിച്ചുവെന്ന് ചില ചാനലുകള്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. ഇത് വസ്തുതാ വിരുദ്ധമാണെന്നും വാര്‍ത്തയില്‍ പറഞ്ഞ വ്യക്തിക്ക് ബിഎംഎസ്സുമായി ബന്ധമില്ലെന്നും സംസ്ഥാന നേതൃത്വം അപ്പോള്‍ തന്നെ വ്യക്തമാക്കിയതാണ്. സത്യവസ്ഥ മനസ്സിലാക്കിയ മാധ്യമങ്ങള്‍ വാര്‍ത്ത തിരുത്തുകയും ചെയ്തതായി ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി രാജീവന് പറഞ്ഞു. എന്നാല്‍ ഇതിന് ശേഷവും സിപിഎഎം നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ വ്യാജപ്രചാരണം തുടര്‍ന്നു. ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയും പത്രസമ്മേളനത്തില്‍ നുണ ആവര്‍ത്തിച്ചു.
സ്വര്‍ണകടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിനും പ്രിന്‍സിപ്പില്‍ സെക്രട്ടറി ശിവശങ്കരനും ബന്ധമുണ്ടെന്നുള്ള കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് കിട്ടിക്കൊണ്ടിരിക്കുകയാണ്. ഗത്യന്തരമില്ലാതെയാണ് ശിവശങ്കരനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ധാര്‍മ്മികമായി അവകാശമില്ല. രാജിവെക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. ഈ ജാള്യതയില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ബിഎംഎസിനെതിരെ ആരോപണം ഉന്നയിക്കുന്നത്. പ്രസ്താവന പിന്‍വലിച്ച് കോടിയേരി പൊതുസമൂഹത്തോട് മാപ്പ് പറയണം. ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ വാര്‍ത്ത നല്കിയ ചാനലുകള്‍ക്കെതിരെയും ബിഎംഎസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. കൊടിയേരി ബാലകൃഷ്ണനെതിരായ സംസ്ഥാന വ്യാപകമായി വീടുകളും ഓഫീസുകളും കേന്ദ്രീകരീകരിച്ച് പ്രതിഷേധവും സംഘടിപ്പിച്ചു.
Discussion about this post