തിരുവനന്തപുരം: സിപിഎമ്മില്‍ പിണറായി യുഗം അവസാനിപ്പിക്കാന്‍ സ്വര്‍ണക്കടത്ത് കേസ് കാരണമാകുമോ?. നാല് വര്‍ഷത്തിനിടെ ആദ്യമായി പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെട്ട് പിണറായി വിജയന്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വര്‍ണക്കടത്ത് കേസ് പരമാവധി മുതലെടുത്ത് പിടിച്ചുകയറാന്‍ തയ്യാറെടുത്ത് ബേബി പക്ഷം. സ്വര്‍ണക്കടത്ത് വിവാദം സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തില്‍ ഗുരുതരമായ പാളിച്ച ഉണ്ടായെന്നും സിപിഎം സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അധികാര കേന്ദ്രമായി സ്വയം മാറി. ശിവശങ്കറിന്റെ ഇടപാടുകള്‍ സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിച്ചില്ല. ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. കോവിഡ് പ്രതിരോധത്തിന്റെ നേട്ടം ഈ വിവാദത്തില്‍ നഷ്ടമായെന്നും സെക്രട്ടേറിയേറ്റ് ചൂണ്ടിക്കാണിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചു. വിവാദങ്ങള്‍ ഊതിപ്പെരുപ്പിക്കാന്‍ പ്രതിപക്ഷത്തിനായി. എന്നാല്‍ സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് അതേ രീതിയില്‍ തിരിച്ചടിക്കണമെന്നും സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചു.
പാര്‍ട്ടിയിലും സര്‍ക്കാരിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവയിരുന്നു പിണറായി. സിപിഎം ഭരിക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാന കമ്മറ്റി ഓഫീസുമായിരുന്നു അധികാര കേന്ദ്രം. എന്നാല്‍ പിണറായിക്കാലത്ത് ഇതില്‍ തിരുത്തു വന്നു. ദുര്‍ബലനായ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിണറായിയുടെ ആജ്ഞാനുവര്‍ത്തി മാത്രമായി. ഇതില്‍ പാര്‍ട്ടിയില്‍ അമര്‍ഷം പുകഞ്ഞെങ്കിലും രാഷ്ട്രീയ ഭാവിയില്‍ ആശങ്കയുള്ളതിനാല്‍ നേതാക്കള്‍ മൗന്ം പാലിച്ചു. എന്നാല്‍ കേരളത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായതോടെ ആയുധത്തിന് മൂര്‍ച്ച കൂട്ടിയിറങ്ങി മറുപക്ഷം.
ഡല്‍ഹിയിലേക്ക് പിണറായി പറത്തിയ എം.എ. ബേബിയാണ് വിരുദ്ധ പക്ഷത്തിന് നേതൃത്വം നല്‍കുന്നത്. മന്ത്രി തോമസ് ഐസക്ക്, പി. രാജീവ്, ആനത്തലവട്ടം ആനന്ദന്, എളമരം കരീം തുടങ്ങിയവരാണ് ബേബിക്കൊപ്പമുള്ളത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇപ്പോള്‍ വിമര്‍ശനമുയര്‍ത്തിയതും ഇവര്‍ തന്നെയാണ്. പിണറായി വിജയന്റെ അപ്രമാദിത്വത്തില്‍ പിന്‍വലിയേണ്ടി വന്ന കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും തക്കം പാര്‍ത്തിരിക്കുകയാണ്. സംസ്ഥാനമൊട്ടാകെ പിണറായി വിരുദ്ധ പക്ഷത്തിനായി നിശബ്ദമായി പ്രവര്‍ത്തിക്കുന്ന ജയരാജന് ബേബി ക്യാമ്പിലെത്തുമോയെന്നാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്.
Discussion about this post