ചെന്നൈ: കേരളത്തില്‍ ശബരിമലക്കും അയ്യപ്പനുമുള്ള സ്ഥാനമാണ് തമിഴ്നാട്ടില്‍ പഴനിമലക്കും മുരുകനുമുള്ളത്. എല്ലാത്തരം ഭിന്നതകളെയും ഇല്ലാതാക്കി ഹൈന്ദവ സമൂഹത്തെ ഒരുമിപ്പിക്കുന്ന നാമമാണ് മുരുകന്. വിശ്വാസികളുടെ ഹൃദയത്തുടിപ്പ്. മുരുക ഭഗവാനെ അവഹേളിച്ചതാണ് സംസ്ഥാനത്തെ പുതിയ വിവാദം. പ്രതിഷേധം കത്തിപ്പടരുകയാണ് എങ്ങും. ഹൈന്ദവസമൂഹം ഒന്നടങ്കം പ്രതിരോധവുമായി രംഗത്തിറങ്ങി. കേരളത്തില്‍ ശബരിമല പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ട ഹിന്ദുക്കളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഇടയാക്കിയതിന് സമാനമാണ് തമിഴ്നാട്ടിലെ സാഹചര്യം.
ദ്രാവിഡ കക്ഷി അനുകൂലികളും നിരന്തരം ഹിന്ദു വിരുദ്ധ പ്രചാരണം നടത്തുന്നവരുമായ കറുപ്പ് കൂട്ടം എന്ന സംഘടനയാണ് വിവാദത്തിന് തിരികൊളുത്തിയത്. മുരുക ഭഗവാനെ പ്രകീര്‍ത്തിച്ചുള്ള ‘സ്കന്ദ ഷഷ്ഠി’ കവചമെന്ന പ്രസിദ്ധമായ ഗീതത്തെ അവര്‍ യൂ ടൂബ് ചാനലിലൂടെ അവഹേളിച്ചു. ഇതോടെ പ്രതിഷേധത്തിന് തിരിതെളിഞ്ഞു. ബിജെപി നേതൃത്വം പരാതിയുമായി രംഗത്തെത്തി. ചാനല്‍ ഓഫീസ് പോലീസ് റെയ്ഡ് ചെയ്തു. കറുപ്പര്‍ കൂട്ടം നേതാവ് സുരേന്ദ്രര്‍ പൊലീസിന് കീഴടങ്ങി.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. കേരളത്തിലെ നാമജപ പ്രതിഷേധത്തെ അനുസ്മരിപ്പിച്ച് കഴിഞ്ഞ ദിവസം വിശ്വാസികള്‍ വീടുകള്‍ക്ക് മുന്നില്‍ സ്കന്ദ ഷഷ്ഠി കവചം ചൊല്ലി. സംസ്ഥാനമൊന്നാകെ പങ്കെടുത്ത പ്രക്ഷോഭമായി അത് മാറുകയും ചെയ്തു. ദ്രാവിഡ കക്ഷികള്‍ക്ക് പോലും കറുപ്പ് കൂട്ടത്തെ തള്ളിപ്പറയേണ്ടി വന്നു. ഡിഎംകെ ഉള്‍പ്പെടെ വീഡിയോയെ തള്ളിപ്പറഞ്ഞു. സിനിമാതാരങ്ങളും എഴുത്തുകാരും പ്രതിഷേധിച്ചവരില്പ്പെടുന്നു. ട്വിറ്ററില്‍ ‘വെട്രിവേല്‍ വീരവേല്‍ ട്രെന്‍ഡിങ്ങായി. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം മാറിയതിലേക്കും ഹിന്ദു ഉണര്‍വ്വ് വിരല്‍ചൂണ്ടുന്നതാണെന്ന് നിരീക്ഷകര്‍ പറയുന്നു.
Discussion about this post