കൊച്ചി: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരായ ആരോപണം ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയും ശ്രീരാമകൃഷ്ണനും പഞ്ചനക്ഷത്ര ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അദ്ദേഹം കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്പീക്കര്‍ അയച്ച വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടും. തെളിവുകള്‍ കൈവശമുണ്ട്. കോടതിയില്‍ ഹാജരാക്കും.
ഇരുവരും കൂടിക്കാഴ്ച നടത്തിയ ഹോട്ടല്‍ നെടുമ്പാശ്ശേരിയിലെ ഡയാനയാണെന്നും രാധാകൃഷ്ണന് വെളിപ്പെടുത്തി. മറ്റൊരാളുടെ പേരിലാണ് റൂം ബുക്ക് ചെയ്തത്. 2019 ജൂണ്‍ 5ന് രാത്രി 9 മണിക്കാണ് സ്പീക്കര്‍ ഹോട്ടലിലെത്തുന്നത്. ആറാം തീയതി വരെ അവിടെ താമസിച്ചു. ഇതിനിടയിലാണ് സ്വപ്ന അവിടെയെത്തി കണ്ടത്. കൂടിക്കാഴ്ചയില്‍ എന്താണ് സംസാരിച്ചത് എന്നറിയാന്‍ പൊതുസമൂഹത്തിന് താത്പര്യമുണ്ട്. സ്പീക്കര്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭാ സ്പീക്കര്‍ പദവി രാഷ്ട്രീയത്തിന് അതീതമാണ്. സ്പീക്കര്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നവരെ നിയമസഭയിലേക്ക് വിളിച്ചുവരുത്താന്‍ പോലും അധികാരമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കയ്യിലുണ്ട്. ആവശ്യമെങ്കില്‍ പരസ്യപ്പെടുത്തും. സ്പീക്കര്‍ കേരളത്തിന് അപമാനമാണ്. അദ്ദേഹത്തിന്റെ വഴിവിട്ട ബന്ധങ്ങള്‍ പരിശോധിക്കണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കള്ളക്കടത്തുകാരുടെയും രാജ്യദ്രോഹികളുടേയും ഇടത്താവളമായി മാറി. ശിവശങ്കരന്റെ തടവിലുള്ള മുഖ്യമന്ത്രിക്ക് നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വപ്നയുടെ സുഹൃത്തിന്റെ കട ഉദ്ഘാടനം ചെയ്തതില്‍ ശ്രീരാമകൃഷ്ണനെതിരെ നേരത്തെയും ആരോപണമുയര്‍ന്നിരുന്നു. സ്വപ്നയുടെ ചുമലില്‍ തട്ടി അദ്ദേഹം സൗഹൃദം പങ്കിടുന്ന വീഡിയോയും വൈറലായി. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്ന സുരേഷിനെ അറിയുന്നതെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
Discussion about this post