പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പാകിസ്ഥാന് ഫാസ്റ്റ് ബൗളര്‍ സര്‍ഫറാസ് നവാസ്. 1987 ല്‍ ഇമ്രാന് മയക്കുമരുന്ന് ഉപയോഗിക്കുന്നത് താന്‍ കണ്ടതായി താരം വെളിപ്പെടുത്തി. ഇമ്രാന് ഖാന് കൊക്കെയ്ന്‍ ഉപയോഗിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും നവാസ് കൂട്ടിച്ചേര്‍ത്തു. ഒരു വീഡിയോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്, ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാകുകയും ചെയ്തു.
1970 കളുടെ അവസാനത്തിലും 1980 കളിലും നവാസും ഇമ്രാനും പാകിസ്ഥാനിലെ മികച്ച ഫാസ്റ്റ് ബൗളര്‍മാരായിരുന്നു എന്നത് ഈ വിവാദത്തില്‍ ഏറെ ശ്രദ്ധേയമാണ്. ഇരുവരും ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ഇമ്രാന് മയക്കുമരുന്ന് ഉപയോഗിക്കുന്നതു കണ്ടത് താന്‍ തനിച്ചല്ലെന്നും താന്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ തെറ്റാണെങ്കില്‍ ഇമ്രാന് തന്നെ കോടതിയിലേക്ക് വലിച്ചിടാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സര്‍ഫറാസ് പറയുന്നുണ്ട്.
1987 ലെ ഒരു സംഭവം അനുസ്മരിച്ചുകൊണ്ട് സര്‍ഫറാസ് പറഞ്ഞു, പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിനിടെ ഇമ്രാന് മികച്ച പ്രകടനം കാഴ്ചവെക്കാത്തപ്പോള് ഇസ്ലാമാബാദിലെ വീട്ടില്‍ വന്ന് മയക്കുമരുന്ന് ഉപയോഗിച്ചു. ഇമ്രാന് ഖാന് കഞ്ചാവ് ഉപയോഗിച്ചിരുന്നു, ലണ്ടനിലും തന്റെ വീട്ടില്‍ പോലും ഇത് ചെയ്യാറുണ്ടായിരുന്നു. 1987 ല്‍ പാകിസ്ഥാന് ഇംഗ്ലണ്ടിനെ ഒരു ക്രിക്കറ്റ് മത്സരത്തില്‍ നേരിട്ടപ്പോള്‍ അദ്ദേഹം നന്നായി പന്തെറിഞ്ഞില്ല. തുടര്‍ന്ന് ഇസ്ലാമാബാദിലെ തന്റെ വീട്ടിലേക്ക് മൊഹ്സിന്‍ ഖാന്, അബ്ദുല്‍ ഖാദിര്‍, സലിം മാലിക് എന്നിവരോടൊപ്പം ഭക്ഷണത്തിനായി എത്തിയിരുന്നു. കൂടാതെ അവിടെ വച്ച് അദ്ദേഹം കഞ്ചാവ് ഉപയാഗിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം വലിയ രീതിയില്‍ ശ്വാസം വിടുകയും ചെയ്തു. പിന്നീട് അദ്ദേഹം കൊക്കെയ്ന്‍ ഉപയോഗിക്കുകയും ചെയ്തു. ലണ്ടനില്‍ അദ്ദേഹം എന്തെങ്കിലും ഉരുട്ടി സവലിക്കുകയും ചെയ്യാറുണ്ട്, ”നവാസ് വീഡിയോയില്‍ പറഞ്ഞു.
‘അദ്ദേഹത്തെ എന്റെ മുന്നില്‍ കൊണ്ടുവരിക, എന്നിട്ട് അദ്ദേഹം അത് നിഷേധിക്കുന്നുണ്ടോ എന്ന് നോക്കാം. ഞാന്‍ ഏക ദൃക്സാക്ഷിയല്ല, ലണ്ടനില്‍ ധാരാളം പേര് കണ്ടിട്ടുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ വിവാദങ്ങള്‍ക്കാണ് ഇപ്പോള്‍ ഈ വീഡിയോ വഴി തുറന്നിരിക്കുന്നത്. ഒരുമിച്ച് കളിച്ച താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തുമ്പോള്‍ ഇമ്രാന് ഖാന് ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇമ്രാന് ഖാന് ഇതുവരെ ഈ വാര്ത്തയോടൊ നവാസിന്റെ വീഡിയയോടൊ പ്രതികരിച്ചിട്ടില്ല.
Discussion about this post