ആറന്മുള : സ്പീക്കര്‍ ശ്രീരാമകൃഷ്ണന് സ്ഥാപിത താത്പര്യത്തിന് വേണ്ടി കള്ളക്കടത്തുകാരെ സംരക്ഷിക്കാന്‍ നിയമസഭയെ ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി വളരെ അടുത്ത ബന്ധമാണുള്ളത്. നിരവധി തവണ ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ആറന്മുളയില് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇ.ഡിയുടെ അന്വേഷണത്തെ ചോദ്യം ചെയ്യാനും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താനും നിയമസഭ കാണിക്കുന്ന താത്പര്യം അമിതാധികാര പ്രയോഗമാണെന്നെന്നും നിയമസഭയ്ക്ക് ഇ.ഡിയുടെ അന്വേഷണത്തെ തടയാന്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയെ സ്ഥാപിത താത്പര്യത്തിന് ഉപയോഗിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. നിയമസഭയുടെ ഒരു അവകാശത്തെയും ദേശീയ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി.
അതേസമയം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് മഞ്ചേശ്വരം എം.എല്‍.എ ഖമറുദ്ദീനെ സംരക്ഷിക്കുന്ന ലീഗുകാര്‍ക്ക് സി.പി.എമ്മുമായി ഒരു വ്യത്യാസവുമില്ലെന്നും സുരേന്ദ്രന് ആരോപിച്ചു. മഞ്ചേശ്വരം എം.എല്‍.എ അടിയന്തരമായി രാജിവെക്കണമെന്നും കോടിക്കണക്കിന് രൂപ തട്ടിപ്പിലൂടെ സമ്പാദിച്ച് പല സ്ഥലത്തു പോയി ബിനാമി ഇടപാടിലൂടെ സ്വത്തുകള്‍ വാങ്ങിക്കൂട്ടുകയാണ് ഖമറുദ്ദീന് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഗത്യന്തരമില്ലാതെയാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിംലീഗ് അണികളില്‍ നിന്നും ജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായതാണ് വൈകിയ വേളയിലെ അറസ്റ്റിന് കാരണമായത്. ലീഗ് നേതൃത്വത്തിന് തട്ടിപ്പില്‍ പങ്കുള്ളതു കൊണ്ടാണ് ഖമറുദ്ദീനെ സംരക്ഷിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
ഐപിസി 420, 406, 409 വകുപ്പുകള്‍ പ്രകാരമാണ് ഖമറുദ്ദീനെതിരെ കേസെടുത്തത് എന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം (വകമാറ്റി ചിലവാക്കുക) ചെയ്തതിനും പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ക്രിമിനല്‍ വിശ്വാസ വഞ്ചന നടത്തിയതിനുമാണ് 406,409 വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. നിക്ഷേപകരുടെ പണം പ്രതികള്‍ ദുരുപയോഗം ചെയ്തു. നിയമവിരുദ്ധമായുള്ള സ്വകാര്യ സ്വത്ത് സമ്പാദനമാണ് എംഎല്‍എ നടത്തിയതെന്നും ബെംഗളൂരുവിലെ ഭൂമി വിവരങ്ങള്‍ കമ്പനിയുടെ ആസ്തി രേഖയില്‍ ഇല്ലെന്നും ഇതു വഞ്ചനയുടെ പ്രധാന തെളിവാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു
Discussion about this post