തിരുവനന്തപുരം : പ്രശസ്ത മാഗസിനായ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ ഇടം പിടിച്ച കേരള ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതിലൂടെ സംസ്ഥാനത്ത് ഈ അടുത്തായി കോവിഡ് രോഗബാധിതരുടെ നിരക്ക് കുറയുന്നുണ്ട്. എന്നാല്‍ ശോഭാ സുരേന്ദ്രന് ചൂണ്ടികാണിക്കുന്നത് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ വീഴ്ചകളെയാണ്.
മന്ത്രി കെ കെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം? ഇന്നും 3593 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ആയതിനാലോ? അതോ തന്റെ അധികാരപരിധിയില്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ആംബുലന്‍സില്‍ തടയാമായിരുന്ന ഒരു ലൈംഗീക അതിക്രമത്തില്‍ പാലിച്ച നിഷ്ക്രിയത്വത്തിനോ? അതോ സ്വന്തം മണ്ഡലത്തില്‍ ചികിത്സ കിട്ടാതെ രോഗികള്‍ മരിക്കുന്നത് നോക്കി നിന്നതിനോ? ചികിത്സ തേടിയെത്തിയ രോഗിയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയതിനോ? എന്ന് ശോഭാ സുരേന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
നിപ്പ, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ നേതൃപാടവം, ആരോഗ്യ സംവിധാനങ്ങളെ വിദഗ്ധമായി നയിച്ച പെണ്‍കരുത്ത് ഈ നിലയ്ക്കാണ് പ്രശസ്ത മാഗസിനായ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ കേരള ആരോഗ്യ മന്ത്രി കെകെ ശൈലജ ഇടം പിടിച്ചത്. ഈ മാസം അവസാനം വിജയിയെ പ്രഖ്യാപിക്കും. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന തലക്കെട്ടോടെ മന്ത്രിയുടെ ചിത്രം മാഗസിന്റെ കവര്‍ ചിത്രമാക്കുകയും ചെയ്തിട്ടുണ്ട്. കെ കെ ശൈലജയുടെ പ്രത്യേക അഭിമുഖവും മാഗസിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്
ശോഭാ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
ഒരു സ്ത്രീക്ക് ലഭിക്കുന്ന അംഗീകാരത്തില്‍ അവരെ അനുമോദിക്കുന്നതിന് രാഷ്ട്രീയ കാരണങ്ങള്‍ തടസമാകരുത് എന്ന് വിശ്വസിക്കുന്ന ഒരു എളിയ പൊതുപ്രവര്‍ത്തകയാണ് ഞാന്‍. എന്നാല്‍ ലഭിക്കുന്ന പുരസ്ക്കാരം രാഷ്ട്രീയ കാരണങ്ങളാല്‍ ആണെങ്കില്‍ അതിന്റെ വസ്തുത മനസ്സിലാക്കിയിരിക്കണമെന്നുള്ള അടിസ്ഥാന യുക്തിഭദ്രതയാണ് ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്. മന്ത്രി കെ കെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം? ഇന്നും 3593 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ആയതിനാലോ? അതോ തന്റെ അധികാരപരിധിയില്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ആംബുലന്‍സില്‍ തടയാമായിരുന്ന ഒരു ലൈംഗീക അതിക്രമത്തില്‍ പാലിച്ച നിഷ്ക്രിയത്വത്തിനോ? അതോ സ്വന്തം മണ്ഡലത്തില്‍ ചികിത്സ കിട്ടാതെ രോഗികള്‍ മരിക്കുന്നത് നോക്കി നിന്നതിനോ? ചികിത്സ തേടിയെത്തിയ രോഗിയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയതിനോ? രാജാവിന് പ്രാണഭയം ഉണ്ടാകുമ്പോള്‍ സ്ത്രീകളെ പടയ്ക്ക് മുന്നില്‍ നിര്‍ത്തുന്ന കഥകള്‍ കേട്ടിട്ടുണ്ട്. സ്ത്രീകളെ ഉപദ്രവിക്കില്ല എന്ന യുദ്ധപ്രമാണം ശത്രുപക്ഷം പാലിക്കും എന്ന വിശ്വാസമാണ് ആ നീക്കത്തിന് പിന്നില്‍. കള്ളക്കടത്തിനും തട്ടിപ്പിനും കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ 81824 ആക്റ്റീവ് കൊറോണ കേസുള്ള ഒരു സംസ്ഥാനത്തിന്റെ വനിതാ ആരോഗ്യമന്ത്രിക്ക് നില്‍ക്കേണ്ടി വരുന്നതിന്റെയത്ര സ്ത്രീവിരുദ്ധത മറ്റെന്തുണ്ട്?
Discussion about this post