തിരുവനന്തപുരം : നെയ്യഭിഷേകം നടത്താന്‍ അനുവാദമില്ലാത്ത മണ്ഡല കാലത്ത് നെയ്ത്തേങ്ങ എറിഞ്ഞു ആഴി ജ്വലിപ്പിക്കുന്നത് എന്തിനാണെന്ന് ബാര്‍ കൗണ്‍സില്‍ അഡ്വക്കറ്റും രാഷ്ട്രീയ നിരീക്ഷകനുമായ ശങ്കു ടി ദാസ്. സന്നിധാനത്തെ ആഴി അണഞ്ഞു എന്നതൊക്കെ വലിയ ദുര്‍നിമിത്തം പോലെ വാര്‍ത്തയാക്കുന്നത് ഭക്തരെ വൈകാരികമായി ഇളക്കി വിട്ട് അവരെ കൊള്ളയടിക്കാന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ആചാര നിഷ്ഠയോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇക്കൊല്ലം ക്ഷേത്ര ദര്‍ശനം വേണ്ടെന്ന് വെച്ചിരിക്കുന്ന വിശ്വാസികളെ, നിങ്ങളാരും വരാത്തത് കൊണ്ട് ശബരിമല ആകെ ശോഭ കെട്ട്, ആരോരുമില്ലാതെ അനാഥമായി, എല്ലാ ചൈതന്യവും നഷ്ടപ്പെടുന്നതിന്റെ അപലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ച്, തീരെ അത്യാഹിത നിലയിലായി എന്ന് വരുത്തി തീര്‍ത്ത്, അഭിമാന പ്രശ്നമോ ധാര്‍മ്മിക ബാധ്യതയോ ആയെങ്കിലും ശബരിമലയിലേക്ക് കുത്തിയൊഴുക്കുക എന്നതാണ് ആ പ്രചാരണത്തിന്റെ ലക്ഷ്യമെന്നും ദാസ് വ്യക്തമാക്കി.
തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നെയ്തേങ്ങയെ കുറിച്ചും അതിലെ ദൈവീകതയെ കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നത്. ഏതൊരു വിശ്വാസിയെ സംബന്ധിച്ചും നെയ്തേങ്ങയുടെ പ്രാധാന്യമെന്തെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ വിശദമാക്കുന്നു.
ശങ്കു ടി ദാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
സന്നിധാനത്തെ ആഴി അണഞ്ഞു എന്നതൊക്കെ വലിയ ദുര്‍നിമിത്തം പോലെ വാര്‍ത്തയാക്കുന്നത് ഭക്തരെ വൈകാരികമായി ഇളക്കി വിട്ട് അവരെ കൊള്ളയടിക്കാന്‍ മാത്രമാണ്.
ആചാര നിഷ്ഠയോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇക്കൊല്ലം ക്ഷേത്ര ദര്‍ശനം വേണ്ടെന്ന് വെച്ചിരിക്കുന്ന വിശ്വാസികളെ, നിങ്ങളാരും വരാത്തത് കൊണ്ട് ശബരിമല ആകെ ശോഭ കെട്ട്, ആരോരുമില്ലാതെ അനാഥമായി, എല്ലാ ചൈതന്യവും നഷ്ടപ്പെടുന്നതിന്റെ അപലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ച്, തീരെ അത്യാഹിത നിലയിലായി എന്ന് വരുത്തി തീര്‍ത്ത്, അഭിമാന പ്രശ്നമോ ധാര്‍മ്മിക ബാധ്യതയോ ആയെങ്കിലും ശബരിമലയിലേക്ക് കുത്തിയൊഴുക്കുക എന്നതാണ് ആ പ്രചാരണത്തിന്റെ ലക്ഷ്യം.
അങ്ങനെയങ്ങ് ആഴി കെട്ട് പോവരുതല്ലോ എന്ന് കരുതി എങ്ങനെയും അവര്‍ വന്നു സന്നിധാനത്ത് നിറഞ്ഞു കവിഞ്ഞാലേ ഉള്ളുവല്ലോ ഇക്കൊല്ലത്തെ കച്ചവടം.
വൃതമെടുത്തു മലയ്ക്ക് പോവുന്ന ഭക്തര്‍ കെട്ടുനിറ സമയത്ത് ഉള്ളുരുകിയ പ്രാര്‍ത്ഥനയോടെ നാളികേരത്തില്‍ നിറയ്ക്കുന്ന നെയ്യിനെ പ്രാണന് ആയി കരുതി മരയടപ്പും അരക്കും പപ്പടവും ഭസ്മവും തുണിയും കുട്ടിസഞ്ചിയും കൊണ്ട് അടച്ചു പൂട്ടി ഭദ്രമാക്കി മുന്‍കെട്ടില്‍ നിറച്ചു തലയില്‍ ചുമന്നു ശരണ മന്ത്ര ജപത്തോടെ സന്നിധാനം വരെ ഏറ്റി എത്തിയ്ക്കുന്നതാണ് സ്വാമിയ്ക്കുള്ള നെയ്ത്തേങ്ങ.
അത് കാണിക്കയായി സ്വാമിയേ കാണിച്ചു കഴിഞ്ഞാല്‍ തേങ്ങ ഉടച്ചു നെയ്യും നാളികേരവും വേറെയാക്കുകയാണ്.
അതിലെ നെയ്യ് സ്വാമിയുടെ നെയ്യഭിഷേകത്തിന് ഉള്ളതാണ്.
ബാക്കി വരുന്ന ഉടച്ച നാളികേര കഷ്ണങ്ങളാണ് ആഴിയിലെ അഗ്നിയ്ക്ക്.
അതിലൊരു സങ്കല്പ തത്വമുണ്ട്.
നാളികേരം അവിടെ ശരീരവും അതില്‍ നിറഞ്ഞിരിക്കുന്ന നെയ്യ് ആ ശരീരത്തില്‍ കുടികൊള്ളുന്ന ജീവാത്മാവുമാണ്.
ജീവചൈതന്യം സ്പന്ദിക്കുന്ന ആത്മാവ് പരമാത്മാവായ സ്വാമിയില്‍ ലയിക്കുകയും അതൊഴിഞ്ഞു പോയ ജഡശരീരം അഗ്നിയില്‍ ദഹിക്കുകയുമാണ്.
ആ സങ്കല്പ തത്വം ആദ്യമായി കെട്ടുമുറുക്കുന്ന കന്നിസ്വാമികള്ക്ക് പോലുമറിയാം.
നെയ്യഭിഷേകം നടത്താന്‍ അനുവാദമില്ലാത്ത മണ്ഡല കാലത്ത് നെയ്ത്തേങ്ങ എറിഞ്ഞു ആഴി ജ്വലിപ്പിക്കുന്നത് എന്തിനാണ്?
ആത്മനെ ഈശ്വരനില്‍ ലയിപ്പിക്കാതെ തന്നെ ശരീരത്തെ മാത്രം അഗ്നിയ്ക്കെറിഞ്ഞു കൊടുക്കാനാവാത്തതില്‍ ആര്ക്കെന്തിനാണ് ഖേദം?
ആഴി ഒറ്റയ്ക്കെരിയുന്ന സ്വയംഭൂ ജ്വാലയല്ല.
അത് ശബരിമല തീര്‍ത്ഥാടനം എന്ന പൊതു പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ്.
നെയ്യഭിഷേകം പുനസ്ഥാപിക്കപ്പെടുന്ന കാലത്ത് വീണ്ടും ആഴിയും പഴയ പോലെ എരിഞ്ഞു തുടങ്ങി കൊള്ളും.
അതില്ലാത്ത കാലത്ത് ആഴി അണയുക എന്നതൊരു സ്വാഭാവികത മാത്രമാണ്.
അത് കൊണ്ട് തീയ്യില്ലാത്ത ആഴി മഹാദുരിതം ആണെന്ന മട്ടില്‍ പ്രദര്‍ശിപ്പിച്ച് ഭക്തരെ അസ്വസ്ഥരാക്കാം എന്ന് ധരിക്കരുത്.
നെയ്യഭിഷേകത്തിന് അനുവാദമില്ലാത്ത മണ്ഡലത്തേക്കാള്‍ വലിയ ദുരിതമല്ല അണഞ്ഞ ആഴി എന്നവര്‍ക്കറിയാം.
ഇതിലും വലിയ വെല്ലുവിളികള്‍ നേരിട്ട പുണ്യസ്ഥാനമാണ് ശബരിമല.
അത് തീവെയ്പ്പും കൊള്ളയും വിഗ്രഹ ധ്വംസനവും യുദ്ധവും പോലും നേരിട്ടിട്ടുണ്ട്.
എന്നിട്ടും അതിപ്പോഴും ഒരു തരി ചൈതന്യ ലോഭമില്ലാത്ത മഹാ ശക്തി ദുര്‍ഗ്ഗമായി തന്നെ നിലനില്ക്കുന്നുണ്ടല്ലോ.
ഇനിയുള്ള നൂറ്റാണ്ടുകളിലും അതങ്ങനെ തന്നെ നിലനില്ക്കും.
കാരണം, ആ ക്ഷേത്രത്തെ നിലനിര്‍ത്തുന്നത് ലക്ഷോപക്ഷം ഭക്തരുടെ അണയാത്ത വിശ്വാസ ശക്തിയാണ്.
ആ ശക്തി ആയിരം ആഴികളെക്കാള് താപത്തോടെ നിതാന്തമായി ജ്വലിച്ചു കൊണ്ടിരിക്കുകയാണ്.
ഈ കാലവും മാറി പോവും.
ഈ വെല്ലുവിളികള്‍ ഒക്കെ അടങ്ങും.
നെയ്യഭിഷേകവും പമ്പാ സ്നാനവും വീണ്ടും പഴയ പടി ആരംഭിക്കും.
ആഴിയിലെ അഗ്നി അണയാതെ എരിയുകയും ചെയ്യും.
അതില്‍ ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല.
അതിനാല്‍ ഞങ്ങള്‍ക്ക് ഭയവുമില്ല.
അത് വരെ ഉള്ളിലാണ് സ്വാമി.
നെഞ്ചിലാണ് ആഴി.
അത് എരിഞ്ഞു കൊണ്ടിരിക്കുക തന്നെയാണ്.
Discussion about this post