തിരുവനന്തപുരം : തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞതായി കാണിച്ച് മനോരമ ഓണ്‍ലൈനിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് വ്യാജമെന്ന് ബിജെപി. വ്യാജവാര്‍ത്തകള്‍ കൊണ്ട് ജനശ്രദ്ധ തിരിച്ചുവിടാമെന്ന് കരുതുന്ന സാമൂഹ്യവിരുദ്ധരായ പിതൃശൂന്യര്‍ക്ക് നല്ല നമസ്ക്കാരമെന്ന് വ്യാജവാര്‍ത്തയോട് പ്രതികരിച്ച് ശോഭാ സുരേന്ദ്രന് പറഞ്ഞു.
മനോരമ ഓണ്‍ലൈനിന്റെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന സി.പി.എം-ജിഹാദി സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടേയും എന്‍.ഡി.എയുടേയും മുന്നേറ്റം തടയാനുള്ള അവസാനത്തെ അടവാണ് ഇത്തരം നീചമായ പ്രചരണങ്ങളെന്നും എന്നാല്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ കൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് സി.പി.എമ്മും ജിഹാദികളും മനസിലാക്കണമെന്നും സോഷ്യല്‍ മീഡിയയിലെ സൈബര്‍ ഗുണ്ടായിസം ഇടതുപക്ഷത്തിന്റെ പതനത്തിന്റെ ശക്തി കൂട്ടുക മാത്രമേ ചെയ്യൂവെന്നും സുരേന്ദ്രന് വ്യക്തമാക്കി.
വ്യാജവാര്‍ത്തകള്‍ കൊണ്ട് ജനശ്രദ്ധ തിരിച്ചുവിടാമെന്ന് കരുതുന്ന രാഷ്ട്രീയ ഭീരുക്കള്‍ക്ക്, മുഖമില്ലാത്ത പ്രൊഫൈലുകളുടെ ഇരുട്ട് കൊണ്ട് സത്യത്തെ മറയ്ക്കുന്നവര്‍ക്ക്, സാമൂഹ്യവിരുദ്ധരായ പിതൃശൂന്യര്‍ക്ക്, നല്ല നമസ്ക്കാരമെന്നും നിയമനടപടി പുറകെ വരുന്നുണ്ടെന്നും ശോഭാ സുരേന്ദ്രന് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനുമായി സംസാരിച്ച് തയാറാക്കിയെന്ന രീതിയിലാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ ബിജെപിയും മനോരമയും നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പാര്‍ട്ടി പറഞ്ഞു.
അടുത്തിടെ ബിജെപിക്കുള്ളില്‍ കടുത്ത വിഭാഗിയത വരുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജവാര്‍ത്തയുമായി സൈബര്‍ പോരാളികള്‍ രംഗത്തെത്തിയത്. സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പരന്നതിന് പിന്നാലെയാണ് നിയമ നടപടിയുണ്ടാകുമെന്ന് ബിജെപിയും ശോഭാ സുരേന്ദ്രനും മനോരമ ഓണ്‍ലൈനും വ്യക്തമാക്കിയത്.
Discussion about this post