തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇരട്ടവോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതായ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കളക്ടര്‍മാരുടെ പ്രാഥമിക അന്വേഷണത്തിലാണ് വ്യാജവോട്ടര് പരാതി ശരിയെന്ന് തെളിഞ്ഞത്. ബിഎല്‍ഒമാര്‍ നേരിട്ട് പരിശോധിക്കാത്തതിന്റെ പ്രശ്നമാണിതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോട്ടയത്തെ വൈക്കത്തും ഇടുക്കിയിലും ഇരട്ട വോട്ട് കണ്ടെത്തിയിട്ടുണ്ട്.
കാസര്‍കോടും കള്ളവോട്ടുണ്ട്. പാലക്കാട് എണ്ണൂറും കോഴിക്കോട് താനൂരും പരാതിയില്‍ പറഞ്ഞതില്‍ 70 ശതമാനം ശരിയാണ്. ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ ബൂത്ത് തല ലിസ്റ്റ് തയാറാക്കുമെന്നും മീണ വ്യക്തമാക്കി.140 മണ്ഡലങ്ങളിലും അന്വേഷണം പ്രഖ്യാപിച്ചു. ഒരു വോട്ടര്‍ക്ക് അഞ്ച് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചതില്‍ നടപടി കൈക്കൊള്ളും. പരാതി വന്ന വോട്ടര്‍മാരുടെ പേരുകള്‍ ബൂത്തുകളില്‍ നല്‍കും. കാസര്‍ഗോഡ് ഉദുമയിലെ എഇആര്ഒയ്ക്ക് സസ്പെന്ഷന് പരാതിയില്‍ പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് 3700, കാസര്‍കോട് 640 ഇരട്ടവോട്ടുകളും കണ്ടെത്തി. ഇക്കാര്യത്തില്‍ അന്വേഷണം മുന്നോട്ടുപോകും. ഒന്നും മറച്ചുവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 20നു ശേഷം വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഒന്‍പത് ലക്ഷം അപേക്ഷയാണു കമ്മിഷനു കിട്ടിയത്. കൊവിഡായതിനാല്‍ ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ക്കു നേരിട്ടു വീടുകളില്‍പോയി പരിശോധന നടത്താന്‍ കഴിയാത്തതാണ് അപാകതയ്ക്കിടയാക്കിയത്. ഇരട്ട വോട്ട് ആദ്യമായിട്ടല്ല സംഭവിക്കുന്നതെന്നും ടിക്കാറാം മീണ വിശദീകരിച്ചു. 26 ലക്ഷം ഇരട്ട വോട്ട് മറ്റ് സംസ്ഥാനങ്ങളിലുണ്ട്. തമിഴ്നാട്ടില്‍ മാത്രം 12 ലക്ഷം ഇരട്ട വോട്ട് കണ്ടെത്തി.
ഈ വര്‍ഷം മാത്രം 60,000 ഇരട്ട വോട്ടുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ശുദ്ധികരണ പ്രക്രിയ തുടരുകയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. സോഫ്റ്റുവെയറിലെ പ്രശ്നങ്ങളും വോട്ട് ഇരട്ടിക്കുന്നതിനിടയാക്കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പുതുതായി 9,16,601 അപേക്ഷകള്‍ വന്നു. 7,39,905 പേരെ പുതുതായി ഉള്‍പ്പെടുത്തി. ആകെ 2,744,6039 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 290 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.
Discussion about this post