ന്യൂഡൽഹി ; ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തയച്ചു. യാത്ര ബുധനാഴ്ച രാജസ്ഥാനിൽ നിന്ന് ഹരിയാനയിലേക്ക് പ്രവേശിച്ചിരുന്നു . ചൈന , ജപ്പാൻ , യുഎസ് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തും നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന് ആവശ്യമുയരുകയാണ് . ഈ സാഹചര്യത്തിലാണ് രാഹുലിന് കേന്ദ്രസർക്കാർ കത്ത് നൽകിയത് .
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ, പൊതുജനാരോഗ്യ അടിയന്തര അവസ്ഥ കണക്കിലെടുത്ത് യാത്ര അവസാനിപ്പിക്കണമെന്നും ആരോഗ്യമന്ത്രിയുടെ കത്തിൽ പറയുന്നു. യാത്രയിൽ മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കണമെന്നും , പ്രതിരോധ കുത്തിവയ്പ് എടുത്തവർ മാത്രം പങ്കെടുക്കണമെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
പ്രതിദിന കേസുകളിലെ പരമാവധി സാംപിളുകൾ കൂടുതൽ പരിശോധനകൾക്കായി നൽകാൻ നിർദേശിച്ച് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം കത്തയച്ചിരുന്നു. പുതിയ വൈറസ് വകഭേദം ഉണ്ടെങ്കിൽ കണ്ടെത്താനാണിത്. ആരോഗ്യ മന്ത്രാലയം, ആയുഷ് വകുപ്പ്, ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, ബയോടെക്നോളജി വകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ രാജീവ് ബഹൽ എന്നിവരുമായി ആരോഗ്യ മന്ത്രാലയം ഇന്ന് രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യും.
Discussion about this post