ലക്നൗ : കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ജാഗ്രതാനിർദേശം നൽകി യോഗി സർക്കാർ . വിമാനത്താവളത്തിൽ ജാഗ്രത വർധിപ്പിക്കാൻ യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് എല്ലാ സിഎംഒമാർക്കും നിർദേശം നൽകി.
വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയവർക്കും കോവിഡ് പരിശോധന നടത്തും. കോവിഡ് ബാധിതരെ താമസിപ്പിക്കുന്നതിനുള്ള ക്രമീകരണം സംബന്ധിച്ചും ഉപമുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ജാഗ്രത വർദ്ധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ സ്ക്രീൻ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം . ജലദോഷവും പനിയും ഉൾപ്പെടെയുള്ള മറ്റ് ലക്ഷണങ്ങളുള്ള യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കുക. കോവിഡ് സംശയിക്കുന്നവരുടെ സാമ്പിളുകൾ എടുത്ത് പരിശോധിക്കണം. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ആളുകൾ വീട്ടിൽ ഐസൊലേഷനിൽ തുടരാൻ നിർദ്ദേശിക്കണം.
ഓക്സിജൻ മുതൽ ആർടിപിസിആർ, സിടി സ്കാൻ, എക്സ്-റേ, പാത്തോളജി ടെസ്റ്റുകൾ വരെയുള്ളവയ്ക്കായി മതിയായ ക്രമീകരണങ്ങൾ ചെയ്യണമെന്നും , മാസ്കുകൾ, പിപിഇ കിറ്റുകൾ, കയ്യുറകൾ തുടങ്ങിയവ ആവശ്യത്തിന് ശേഖരിക്കണമെന്നും ആരോഗ്യ വിദഗ്ധർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സീറോ കൊവിഡ് നയം പിൻവലിച്ചതിന് പിന്നാലെ ചൈനയിൽ കൊറോണ വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. നിലവിൽ ചൈനയിൽ റെക്കോർഡ് നിലയിലാണ് കൊറോണ കേസുകൾ . ആശുപത്രികൾക്ക് പുറത്ത് നീണ്ട നിരകളും കാണാം. രോഗികൾക്ക് കിടക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്.
Discussion about this post