ബെയ്ജിംഗ് : പുതുവത്സര പരിപാടി മുടങ്ങാതിരിക്കാൻ കോവിഡിനെ സ്വയം ക്ഷണിച്ചു വരുത്തി ചൈനീസ് ഗായികയും ഗാനരചയിതാവുമായ ജെയ്ൻ ഷാങ് . ഇതിനായി താൻ മനപൂർവ്വം കൊറോണ രോഗികളുമായി അടുത്തിടപഴകിയതായി ജെയ്ൻ സോഷ്യൽ മീഡിയയിൽ അറിയിച്ചിരുന്നു . അതിനു പിന്നാലെ ജനങ്ങൾ ഗായികയെ വിമർശിച്ച് രംഗത്തെത്തി. ചൈന കോവിഡ് ഭീതിയിൽപ്പെട്ട് ബുദ്ധിമുട്ടുമ്പോഴാണ് ഗായികയുടെ ഈ കുറിപ്പ് .
താൻ കൊറോണ ഒമിക്രോൺ BF.7 ബാധിതയാണെന്നും , കോവിഡ് പോസിറ്റീവായ സുഹൃത്തുക്കളെ സന്ദർശിച്ചതാണ് തനിക്ക് വൈറസ് ബാധിക്കാൻ കാരണമായതെന്നും ഗായിക പറഞ്ഞു. വെയ്ബോയിൽ, രോഗികളായവരുടെ വീടുകളും താൻ സന്ദർശിച്ചതായി ഗായിക പറഞ്ഞിരുന്നു. പുതുവത്സരാഘോഷത്തിനിടെ തനിക്ക് അണുബാധ ഉണ്ടാകാതിരിക്കാൻ രോഗം അതിനു മുൻപ് തനിക്ക് പിടിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജെയ്ൻ ഷാങ് പറഞ്ഞു. “കൊവിഡ് പുതുവത്സരരാവിലെ പ്രകടനത്തിനിടയിലെ എന്റെ അവസ്ഥയെ ബാധിക്കുമെന്ന് ഞാൻ ആശങ്കാകുലയായിരുന്നു. ആ സമയത്ത് രോഗം വരാതിരിക്കാനായി എനിക്ക് ഇപ്പോൾ സമയമുള്ളതിനാൽ രോഗം ബാധിച്ച ഒരു കൂട്ടം ആളുകളെ ഞാൻ കാണാനെത്തി , ”ജെയ്ൻ ഷാങ് കുറിച്ചു.
പനിയും ,തൊണ്ടവേദനയും ഉണ്ടായിരുന്നുവെന്നും ഇപ്പോൾ ലക്ഷണങ്ങളൊന്നും ഇല്ലെന്നും അവർ പറഞ്ഞു . എന്നാൽ പോസ്റ്റിനെ വിമർശിച്ച് ജനങ്ങൾ രംഗത്തെത്തിയതോടെ ഗായിക തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞു. ‘ പരിപാടിയ്ക്കിടെ എനിക്ക് രോഗം ബാധിച്ചാൽ, അത് എന്റെ സഹപ്രവർത്തകർക്ക് രോഗം ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഞാൻ ആശങ്കാകുലയായിരുന്നു. അതുകൊണ്ടാണ് താൻ ഇത്തരത്തിൽ ചിന്തിച്ചതെന്നും ജെയ്ൻ ഷാങ് പറഞ്ഞു .
Discussion about this post