മുംബൈ : ബിഗ് ബിയുടെ മകൻ ആണെങ്കിലും നടൻ അഭിഷേക് ബച്ചന്റെ കഴിവിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ എപ്പോഴും ഉയർന്നിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീനും ഇത്തരമൊരു ചോദ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ അതിന് അഭിഷേക് നൽകിയ മറുപടിയാകട്ടെ വൈറലായി കഴിഞ്ഞു.
‘ദസ്വിൻ’ എന്ന ചിത്രത്തിന് അഭിഷേകിന് അടുത്തിടെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചിരുന്നു .മകന് അവാർഡ് ലഭിച്ചതിന് പിന്നാലെ അമിതാഭ് ബച്ചൻ ട്വിറ്ററിൽ സന്തോഷവും പങ്ക് വച്ചിരുന്നു . ‘എന്റെ അഭിമാനം, എന്റെ സന്തോഷം… നിങ്ങൾ നിങ്ങളുടെ കഴിവ് തെളിയിച്ചു. നിങ്ങളെ പരിഹസിച്ചു, അപമാനിച്ചു, പക്ഷേ നിങ്ങൾ നിശബ്ദമായി പ്രവൃത്തി ചെയ്തു. നിങ്ങളാണ് ഏറ്റവും മികച്ചത്, ‘ ഇത്തരത്തിലാണ് അമിതാഭ് ബച്ചന്റെ കുറിപ്പ്.
ഇതിനു പിന്നാലെയാണ് തസ്ലീമ നസ്രീൻ അഭിഷേക് ബച്ചന്റെ കഴിവിനെ ചോദ്യം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തത്. ‘ അമിതാഭ് ബച്ചൻ മകൻ അഭിഷേക് ബച്ചനെ വളരെയധികം സ്നേഹിക്കുന്നു, തന്റെ കഴിവുകളെല്ലാം അവനിൽ വന്നിട്ടുണ്ടെന്നും മകനാണ് ഏറ്റവും മികച്ചതെന്നും അദ്ദേഹം കരുതുന്നു. അഭിഷേക് നല്ലവനാണ്, പക്ഷേ അഭിഷേക് അമിത്ജിയോളം കഴിവുള്ളവനാണെന്ന് ഞാൻ കരുതുന്നില്ല. ‘ ഇത്തരത്തിലാണ് തസ്ലീമയുടെ ട്വീറ്റ് .
ഇതിന് അഭിഷേക് നൽകിയ മറുപടിയാണ് ഇപ്പോൾ ഏറെ ശ്രദ്ധ ആകർഷിക്കുന്നത്. ‘തീർച്ചയായും ശരിയാണ് മാഡം. അദ്ദേഹത്തിന്റെ കഴിവിന്റെ കാര്യത്തിലോ മറ്റേതെങ്കിലും കാര്യത്തിലോ ആർക്കും അദ്ദേഹത്തോട് അടുക്കാൻ കഴിയില്ല. അദ്ദേഹം എപ്പോഴും ‘ദി ബെസ്റ്റ്’ ആയിരിക്കും! ഞാൻ വളരെ അഭിമാനിക്കുന്ന മകനാണ്. ‘ അഭിഷേക് മറുപടിയായി ട്വീറ്റ് ചെയ്തത് ഇത്തരത്തിലാണ് . ഒപ്പം കൈകൾ കൂപ്പി അഭിവാദ്യം ചെയ്യുന്ന ഇമോജിയും ഇട്ടു. നടൻ സുനിൽ ഷെട്ടി അടക്കമുള്ളവരാണ് അഭിഷേകിന്റെ മറുപടിയെ അംഗീകരിച്ച് രംഗത്തെത്തിയത്.
Discussion about this post