അഹമ്മദാബാദ് : അമ്മ ഹീരാബെന്നിനെ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെത്തി. മൂന്നരയോടെ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ മോദി അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് എത്തുകയായിരുന്നു. ഹീരാബെന്നിന്റെ ആരോഗ്യനിലയെക്കുറിച്ച് മോദി ഡോക്ടർമാരുമായി സംസാരിക്കുകയും ചെയ്തു. നിലവിൽ ഹീരാബെന്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് യുഎൻ മേത്ത ഹോസ്പിറ്റൽ ഔദ്യോഗിക ബുള്ളറ്റിനിലൂടെ വ്യക്തമാക്കി.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ കൈലാഷ്നാഥൻ ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ, ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വി എന്നിവർ ഹീരാബെന്നിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രിയിലെത്തിയിരുന്നു. 100 വയസുള്ള ഹീരാബെന്നിന്റെ ആരോഗ്യനില മോശമായതിനെ തുടര്ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലാക്കിയത്. അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദി അമ്മയെ സന്ദർശിച്ചിരുന്നു
കനത്ത സുരക്ഷയിലണ് ആശുപത്രി. പ്രദേശം ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട് . നരേന്ദ്ര മോദിയുടെ ജന്മനാടായ വഡ്നഗറിലെ ഹത്കേശ്വര ക്ഷേത്രത്തിൽ ഹീരാബെന്നിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനകൾ നടന്നു. രുദ്രാഭിഷേകവും നടത്തി. ഹീരാബെൻ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Discussion about this post