ന്യൂഡൽഹി : പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 2024 മാർച്ചോടെ 10,000 ആയി ഉയർത്താൻ തീരുമാനം. കഴിഞ്ഞ എട്ട് വർഷത്തിനിടെ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പര്യോജന (പിഎംബിജെപി) വഴി ഏകദേശം 18,000 കോടി രൂപ വരുമാനമുണ്ടാക്കാൻ സാധിച്ചു.
രാജ്യത്തെ 766 ജില്ലകളിൽ 743-ലും 9,000-ലധികം സ്റ്റോറുകൾ ഉൾപ്പെടെ പദ്ധതിയുടെ വ്യാപ്തി വർധിപ്പിച്ചതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 50 ശതമാനം മുതൽ 90 ശതമാനം വരെ വിലക്കുറവുള്ള മരുന്നുകളാണ് ജൻ ഔഷധിയിൽ വിൽക്കുന്നത്. 1,759 മരുന്നുകളും 280 ശസ്ത്രക്രിയാ ഉപകരണങ്ങളും ഉൾപ്പെടുന്ന ജൻ ഔഷധിയിൽ ഹൃദയ, കാൻസർ, ആന്റി-ഡയബറ്റിക് തുടങ്ങിയ എല്ലാ പ്രധാന ചികിത്സാ മരുന്നുകളും ലഭ്യമാണ്. ആൻറി-ഇൻഫെക്റ്റീവ്സ്, ആൻറി-അലർജി, ഗ്യാസ്ട്രോ-ഇന്റസ്റ്റൈനൽ മരുന്നുകളും കുറഞ്ഞ വിലയിൽ സാധാരണക്കാർക്ക് ഇവിടെ ലഭ്യമാകും.
2017 ഡിസംബറിൽ 3,000 കേന്ദ്രങ്ങൾ തുറക്കുകയെന്ന ലക്ഷ്യം കൈവരിച്ചു. 2020 മാർച്ചിൽ 6,000 ഔട്ട്ലെറ്റുകൾ എന്ന പുതുയ ലക്ഷ്യവും കൈവരിക്കാനായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേന്ദ്രങ്ങളുടെ എണ്ണം 8,610 ൽ നിന്ന് 9,000 ആയി ഉയർന്നു. പൗരന്മാർക്ക് ഏകദേശം 4,500 കോടി രൂപ ലാഭിക്കാൻ കാരണമായതായും പ്രസ്താവനയിൽ പറയുന്നു.
Discussion about this post