താനെ : പുതുവത്സര രാത്രിയിൽ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഒരു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 6 സ്ത്രീകൾ ഉൾപ്പെടെ 16 നൈജീരിയക്കാരെ അറസ്റ്റ് ചെയ്തു . ശനിയാഴ്ച രാത്രി താനെയിലെ ഖാർഗഡ് ഏരിയയിലെ റോ ഹൗസിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തതെന്ന് നവി മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് കാലെ പറഞ്ഞു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഖാർഗഡ് പോലീസ് ഓപ്പറേഷൻ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു പുതുവർഷത്തോടനുബന്ധിച്ച് വിവിധ പാർട്ടികൾ മയക്കുമരുന്ന് വിതരണം ചെയ്യുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. അതിനായി ചില ആഫ്രിക്കൻ പൗരന്മാർ താനെയിലെ ഖാർഗഡ് പ്രദേശത്ത് മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്നും സൂചനകൾ വന്നിരുന്നു.
കഞ്ചാവ്, ചരസ്, ഹെറോയിൻ, മെതാക്വലോൺ തുടങ്ങി വിവിധ തരം മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് അമിത് കാലെ പറഞ്ഞു. മയക്കുമരുന്ന് എവിടെ വിതരണം ചെയ്യാൻ എത്തിച്ചതാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും നവി മുംബൈ പോലീസിന്റെ ആന്റി നാർക്കോട്ടിക് സെല്ലും ചേർന്നാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.
Discussion about this post