ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം മരത്തിലിടിച്ച് മൂന്ന് സ്ത്രീകളടക്കം 6 പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു.
ഹനുമാവ് മഗഡി (25) , ദീപ (31), സവിത (12), സുപ്രീത (11), ഇന്ദിരവ (24), മാരുതി (24 ) എന്നിവരാണ് മരിച്ചത്. ഹുലന്ദ ഗ്രാമത്തിൽ നിന്ന് സൗന്ദത്തി യല്ലമ്മ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു സംഘം.
രാംദുർഗ് താലൂക്കിലെ കടകോള പോലീസ് സ്റ്റേഷന് കീഴിലുള്ള ചിഞ്ചനൂർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. വളവിലെ ആൽമരത്തിലിടിച്ച് ബൊലേറോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്തും ആറാമത്തെയാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്.
അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ കട്കോള പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post